പാലക്കയം പായപ്പുല്ലിൽ കാട്ടാനക്കൂട്ടം; ജനം ഭീതിയിൽ
text_fieldsതച്ചമ്പാറ: ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തി. മണ്ണാർക്കാട് താലൂക്കിലെ തച്ചമ്പാറ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കാഞ്ഞിരപ്പുഴ ഡാം റിസർവോയർ പായപ്പുല്ല് പ്രദേശത്താണ് ആറംഗ കാട്ടാനക്കൂട്ടം എത്തിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ കാഞ്ഞിരപ്പുഴ ഡാമിനടുത്ത് ഇറങ്ങിയ ഒരു കുട്ടിയുൾപ്പെടെയുള്ള ആറ് കാട്ടാനകൾ പായപ്പുല്ലിലും പരിസരങ്ങളിലുമുള്ള വീടുകൾക്ക് മുന്നിലൂടെയാണ് കുട്ടത്തോടെ നടന്നുനീങ്ങിയത്. പ്രദേശത്തുകാർ വനപാലകരെ വിവരമറിയിച്ചു.
ദ്രുതപ്രതികരണ സേനയും വനപാലകരും നാട്ടുകാരും ചേർന്ന് കൂക്കിവിളിച്ചും പടക്കം പൊട്ടിച്ചും കാട്ടാനക്കൂട്ടത്തെ ജനവാസ മേഖലയിൽനിന്ന് അകറ്റി. രണ്ടാഴ്ചയായി പാലക്കയം മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇരുമ്പകച്ചോലയിലും ഇഞ്ചിക്കുന്നിലും പരിസരങ്ങളിലും ഒരു ആനയും കുട്ടിയും കൃഷി ഇടങ്ങളിലെത്തിയിരുന്നു. അട്ടപ്പാടി മേഖലയിൽനിന്ന് വിരട്ടി ഓടിച്ച കാട്ടാനകൾ ശിരുവാണി ഡാം പരിസരത്ത് ഞായറാഴ്ച സന്ധ്യക്ക് എത്തിച്ചേർന്നിരുന്നു. ഇവിടെ എത്തിയ കാട്ടാനകളാണ് രാത്രിയോടെ ശിരുവാണി വനമേഖലയിലെ കാട്ടുപാതകൾ വഴി കാഞ്ഞിരപ്പുഴ ഡാം റിസർവോയറിലും പാലക്കയം ജനവാസ മേഖലയിലും ഭീതി പടർത്തിയത്.
കഴിഞ്ഞ ഒരാഴ്ചക്കാലയളവിൽ ഇരുമ്പകച്ചോലയിലും സമീപ പ്രദേശങ്ങളിലും അര ഡസനിലധികം കർഷകരുടെ വിളകളാണ് കാട്ടാന ഒറ്റക്കും കൂട്ടായും നശിപ്പിച്ചത്. വനാതിർത്തി പ്രദേശങ്ങളിൽ സൗരോർജ വേലിയുൾപ്പെടെ പ്രതിരോധ സംവിധാനങ്ങളുടെ നിർമാണം പൂർത്തിയാകാത്തത് കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾക്ക് ജനവാസ മേഖലയിലെത്താൻ സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

