കെട്ടടങ്ങാത്ത ഓർമകളോടെ ഒരു കെട്ടിടം
text_fieldsഅഗളി: ബ്രിട്ടീഷ് ഭരണ കാലത്തിന്റെ ഓർമകൾ പേറുന്ന നിരവധി കെട്ടിടങ്ങളാണ് അട്ടപ്പാടിയിലുള്ളത്. നിരവധി കഥകളും ചരിത്രവും പറയാനുണ്ടാകും ഇത്തരം കെട്ടിടങ്ങൾക്ക്. അവയിൽ പ്രധാനപ്പെട്ടതാണ് അഗളിയിലെ പഴയ വില്ലേജ് കെട്ടിടം. ബ്രിട്ടീഷ് ഭരണകാലത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവുകൾ, റസ്റ്റ് ഹൗസുകൾ, ഫോറസ്റ്റ് ബംഗ്ലാവുകൾ തുടങ്ങിയവ നിർമിച്ചിരുന്നു. അതിലൊരു ഫോറസ്റ്റ് ബംഗ്ലാവ് നിന്നിരുന്നത് അഗളിയിലാണ്. പണ്ടത്തെ ഈ ഫോറസ്റ്റ് ബംഗ്ലാവ് സ്വാതന്ത്ര്യാനന്തരം 1955ൽ മദ്രാസ് ഗവൺമെന്റിന്റെ കീഴിലായതോടെയാണ് ഈ കെട്ടിടത്തിൽ പൊതുജനങ്ങൾ കയറിയിറങ്ങാൻ തുടങ്ങിയതെന്ന് പഴമക്കാർ ഓർത്തെടുക്കുന്നു.
1956ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ അട്ടപ്പാടി മലബാറിന്റെയും പിന്നീട് 1957ൽ പാലക്കാട് ജില്ലയുടെയും ഭാഗമായി. കേരള സർക്കാരിന്റെ കീഴിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനം ആദ്യമായി അട്ടപ്പാടിയിൽ ആരംഭിച്ചത് അഗളിയിലുള്ള ഈ കെട്ടിടത്തിലായിരുന്നു. അങ്ങനെയാണ് പഴയ വില്ലേജ് എന്ന് ഈ കെട്ടിടം അറിയപ്പെടാൻ തുടങ്ങിയത്. അക്കാലത്ത് നൂറ് കണക്കിന് ആദിവാസികൾക്കും കുടിയേറ്റക്കാർക്കും വലിയൊരു ആശ്രയ കേന്ദ്രമായിരുന്നു പഴയ വില്ലേജ് ഓഫിസ്.
അഗളിയിലെ ഫോറസ്റ്റ് ബംഗ്ലാവ് പണിത തൊഴിലാളികളിൽ ഒരാളായിരുന്നു അഗളി ജെല്ലിപ്പാറ മാമണ ഉന്നതിയിലെ ചണ്ണ മൂപ്പൻ. ചണ്ണ മൂപ്പന്റെ ഉന്നതിയിൽ നിന്നും അഗളിയിലേക്ക് ഏകദേശം പത്ത് മൈൽ ദൂരം നടന്നു വന്നായിരുന്നു ഫോറസ്റ്റ് ബംഗ്ലാവിന്റെ പണിയിൽ പങ്കെടുത്തതെന്ന് ‘ഭൂത്താളി’എന്ന ആത്മകഥാപരമായ നോവലിൽ രാമചന്ദ്രൻ അത്തിപ്പറ്റ എഴുതിയിട്ടുണ്ട്.
1960 ൽ ഗവേഷണാവശ്യങ്ങൾക്കായി അട്ടപ്പാടിയിലെത്തിയ ഒരു റഷ്യൻ വനിത സഹായം തേടിയെത്തിയത് അഗളിയിലെ പഴയ വില്ലേജ് ഓഫിസിലേക്കായിരുന്നു. പഴയ അഗളി വില്ലേജിലെ ഉദ്യോഗസ്ഥരോടൊപ്പം മുഡുഗ ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലത്തെത്തി അവരോട് ഇടപഴകുന്ന ഒരു അപൂർവ ചിത്രവും പഴയ വില്ലേജ് കെട്ടിടത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ ലഭിച്ചു.
വളരെ അപ്രതീക്ഷിതമായ ദുരന്തത്തിൽപ്പെട്ടായിരുന്നു ചണ്ണ മൂപ്പൻ മരിച്ചത്. 1961ലെ അതിഭീകരമായ ഉരുൾപൊട്ടലിൽ മാമണ ഉന്നതിയിലെ ചണ്ണ മൂപ്പന്റെ കാട്ടുചാള (പുല്ല് മേഞ്ഞ വീട്) ഒലിച്ചു പോയി. ചണ്ണ മൂപ്പനോടൊപ്പം ആറുപേർ കൂടി ആ ദുരന്തത്തിൽ മരണപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.
1940 കളിൽ നിർമിച്ചതായി കരുതുന്ന ഫോറസ്റ്റ് ബാംഗ്ലാവ് നാശത്തിന്റെ വക്കിലാണിപ്പോൾ. വന മ്യൂസിയമായോ ആർക്കൈവ്സ് ഓഫിസ് ആയോ പഴയ വില്ലേജ് കെട്ടിടം സംരക്ഷിച്ചാൽ അടുത്ത തലമുറകൾക്ക് കൂടി പ്രയോജനപ്പെടുമെന്ന് ഗവേഷകനായ ഡോ. എ.ഡി. മണികണ്ഠൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

