പാലക്കാട്: ജില്ലയിൽ കോവിഡ് വാക്സിൻ ഒന്നാം ഡോസ് എടുത്തവരിൽ 2,96, 577 പേർ രണ്ടാം ഡോസ് എടുത്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ കഴിഞ്ഞ നാലു മാസത്തിനിടെ വാക്സിൻ സ്വീകരിച്ചത് 3,97,041 പേരാണ്. കഴിഞ്ഞ ജനുവരി 16 മുതൽ ഏപ്രിൽ 17വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ആദ്യ ഡോസ് സ്വീകരിച്ചവരായി 3,46, 809 പേരുള്ളപ്പോൾ രണ്ടാം ഡോസ് സ്വീകരിച്ചവത് 50,232ഉം പേർ മാത്രം.
ആദ്യഡോസ് സ്വീകരിച്ച 2,96,577 പേർ രണ്ടാം ഡോസ് എടുത്തില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. േകാവാക്സിൻ ആണെങ്കിൽ ആദ്യ ഡോസ് വാക്സിൻ എടുത്തതിനുശേഷം 28 ദിവസം കഴിഞ്ഞും കോവിഷീൽഡ് ആണെങ്കിൽ 42 ദിവസവും കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം.
വാക്സിൻ ക്ഷാമമാണ് രണ്ടാംഡോസ് എടുക്കാൻ തടസ്സമായതെന്നാണ് സൂചന. ജനുവരി അവസാനംവരെ ആദ്യ ഡോസ് എടുത്തവർക്ക് നിശ്ചിത സമയത്തിനുള്ളിൽ രണ്ടാംഡോസും ലഭിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരത്തോടെയാണ് ക്ഷാമം തുടങ്ങിയത്.
വാക്സിെൻറ ലഭ്യത കുറഞ്ഞുവന്നതോടെ ആദ്യഡോസ് കുത്തിവെപ്പിനാണ് അധികൃതർ പ്രാമുഖ്യം നൽകിയത്. രണ്ടാംഡോസ് യഥാസമയം ലഭ്യമാവാതെ വന്നതോടെ, പിന്നീട് എടുക്കാൻ പലരും വിമുഖത കാണിച്ചു. കുത്തിവെപ്പിന് പൂർണമായും ഫലപ്രാപ്തി ലഭിക്കണമെങ്കിൽ രണ്ടാംഡോസ് കൂടി എടുക്കണമെന്ന് അധികൃതർ പറയുന്നു.
ജില്ലയിൽ നിലവിൽ സ്റ്റോക്ക് ഉള്ളത് 13000 േഡാസ് വാക്സിൻ. ഏപ്രിൽ ഒന്നു മുതൽ 17വരെ ആൻറിജെൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയവർ 53,447. ഇൗ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചവർ 4864.