ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തിന് 12 വർഷം
text_fieldsശശീന്ദ്രൻ
കൊല്ലങ്കോട്: മലബാർ സിമന്റ്സ് ശശീന്ദ്രന്റെയും മക്കളുടേയും ദുരൂഹ മരണത്തിന് ഇന്നേക്ക് 12 വർഷം. നീതിക്കായി പോരാട്ടം തുടരുകയാണ് ശശീന്ദ്രന്റെ സഹോദരൻ വി. സനൽകുമാർ. മലബാർ സിമന്‍റ്സ് മുൻ കമ്പനി സെക്രട്ടറി വി. ശശീന്ദ്രനും മക്കളായ വിവേകും വ്യാസും 2011 ജനുവരി 24നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇതുവരേയും നീതി കിട്ടാതെ ശരീന്ദ്രന്റെ കുടുംബം നിയമ പോരാട്ടം തുടരുകയാണ്.
മരണങ്ങൾ ആത്മഹത്യയാണെന്നുള്ള സി.ബി.ഐ കുറ്റപത്രം ഹൈക്കോടതി തള്ളുകയും നാലുമാസത്തിനകം തുടരന്വേഷണം നടത്തി പുതിയ കുറ്റപത്രം സമർപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടും ഫോറൻസിക് ലാബ് റിപ്പോർട്ടും മൊഴികളും അവഗണിച്ചായിരുന്നു സി.ബി.ഐ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സനൽകുമാർ ആരോപിക്കുന്നു.
മലബാർ സിമന്റ്സ് ഗേറ്റ് കീപ്പറും ശശീന്ദ്രൻ മരിച്ച് ഒരു വർഷത്തിനകം കൊല്ലപ്പെട്ടിരുന്നു. ഈ കേസിലും കൃത്യമായി അന്വേഷണം നടന്നില്ലെന്ന് സനൽകുമാർ പറഞ്ഞു. വിവാദ വ്യവസായിയുടെ പാലക്കാട്ടേയും കോയമ്പത്തൂരിലേയും വീട്ടിൽ നിന്ന് പിന്നീട് സി.ബി.ഐ നടത്തിയ പരിശോധനയിൽ ശശീന്ദ്രന്റെ ക്യാബിനിൽനിന്ന് മോഷണം പോയ ഫയലുകൾ കണ്ടെത്തിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
തുടക്കം മുതൽ പാലക്കാട് കസബ പൊലീസ് തെളിവുകൾ നശിപ്പിക്കാനും അഴിമതിയിൽ പങ്കാളികളായ രാഷ്ട്രീയ, ഉദ്യോഗസ്ഥ ബിസിനസ് ലോബികൾ കൊലപാതകം ആത്മഹത്യയാണെന്നു വരുത്തി തീർക്കാനും ഗൂഢശ്രമം തുടർന്നിരുന്നതായി ആക്ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരത്ത് പറഞ്ഞു.
ശശീന്ദ്രന്റേയും മക്കളുടേയും കൊലപാതകത്തിലേക്ക് നയിച്ച 2010ലും 2011ലും തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്മേൽ വിചാരണ നടപടികളുമായി മുന്നോട്ടു പോകുന്ന ഘട്ടത്തിൽ ഒരിക്കൽ കുറ്റപത്രം സമർപ്പിച്ച മലബാർ സിമന്റ്സ് അഴിമതിക്കേസുകൾ നിയമ വിരുദ്ധമായി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് കേസുകൾ അട്ടിമറിക്കാൻ ഇപ്പോഴത്തെ സർക്കാർ തന്നെ നേതൃത്വം കൊടുക്കുന്ന ദുരവസ്ഥ നിലവിലുള്ളതെന്ന് സനൽകുമാർ പറഞ്ഞു.
ദുരൂഹമരണത്തിന് 12 വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട് ഫെബ്രവരി നാലിന് മൂന്ന് മണിക്ക് കൊല്ലങ്കോട് നെന്മേനി വിരുത്തിയിലെ കൈവല്യധാമത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. അഴിമതിക്കെതിരെ പോരാടുന്ന നേതാക്കളും പൗരപ്രമുഖരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. കുറ്റപത്രം സമർപ്പിച്ച മലബാർ സിമന്റ്സ് വിജിലൻസ് കേസുകൾ സർക്കാർ തന്നെ അട്ടിമറിക്കുന്നതിനെതിരായ പോരാട്ടവും ശക്തമാക്കാനാണ് തീരുമാനമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

