10 ദിവസത്തിൽ 11 പേർക്ക് എലിപ്പനി; ആഗസ്റ്റിൽ 29 പേർക്ക് രോഗബാധ
text_fieldsപാലക്കാട്: ജില്ലയിൽ സെപ്റ്റംബറിൽ 10 ദിവസത്തിനിടെ 11 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 10 പേർക്ക് രോഗബാധ സംശയിക്കുന്നു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വണ്ണാമട, കുഴൽമന്ദം, അഗളി, അയിലൂർ, പുതുശ്ശേരി, പാലക്കാട്, വണ്ടാഴി, കേരളശ്ശേരി, നാഗലശ്ശേരി, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആഗസ്റ്റിൽ 29 പേർക്കാണ് രോഗം ബാധിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും എലിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2247 പേർക്കാണ് രോഗം ബാധിച്ചത്. 1553 പേർക്ക് രോഗബാധ സംശയിക്കുന്നു. 135 പേർ എലിപ്പനിമൂലം മരിച്ചു. 103 പേരുടെ മരണം രോഗബാധമൂലമാണോ എന്ന് സംശയിക്കുന്നു.
ജാഗ്രത വേണം
ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എലിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കണം.
മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് നാടൻ ചികിത്സകൾ ചെയ്യുന്നത് അപകടകരമാണ്. മണ്ണിലോ വെള്ളത്തിലോ സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണം. എലി, കന്നുകാലികൾ, നായ്, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് എലിപ്പനി. ലെപ്റ്റോസ്പൈറ ബാക്ടീരിയകളാണ് രോഗം പരത്തുന്നത്. മലിനജലത്തിലൂടെയോ ചളിയിലൂടെയോ ഇവ മനുഷ്യശരീരത്തിലെ മുറിവുകളിലൂടെയോ നേർത്ത തൊലിയിലൂടെയോ പ്രവേശിക്കാം.
ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശി വേദന, കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കണം. ചികിത്സ വൈകിയാൽ കരൾ, വൃക്ക, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം സംഭവിക്കാം. ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ കണ്ടപ്പോൾ സ്വയംചികിത്സ തേടിയവരാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

