കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി; പ്രതീക്ഷയിൽ പാലക്കാട്
text_fieldsപാലക്കാട്: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് സർക്കാറിന്റെ 200 കോടി സഹായം. കേന്ദ്ര സർക്കാറിന്റെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രഖ്യാപനത്തോടെ ഇനിയും പൂർത്തിയാകാനുള്ള ഭൂമി ഏറ്റെടുക്കലിനും മറ്റ് അനുബന്ധ വികസനത്തിനും ഉൾപ്പെടെയാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചത്. കൊച്ചി മുതൽ പാലക്കാട് ജില്ലയുടെ അതിർത്തിയായ പുതുശ്ശേരി വരെ ദേശീയപാതയോരത്ത് 160 കിലോമീറ്ററിലാണ് 50 ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തി വ്യവസായ ഇടനാഴി സ്ഥാപിക്കുന്നത്. പാലക്കാട്ടെ പുതുശ്ശേരി ഈസ്റ്റ്, പുതുശ്ശേരി വെസ്റ്റ്, വടക്കഞ്ചേരി കണ്ണമ്പ്ര വില്ലേജ്, ആലുവയിലെ അയ്യമ്പുഴ വില്ലേജ് എന്നിവിടങ്ങളിലടക്കം ആറു വ്യവസായകേന്ദ്രങ്ങൾ വികസിപ്പിക്കാൻ 2,185 ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ 90 ശതമാനത്തിലേറെ ഭൂമിയേറ്റെടുപ്പും പൂർത്തിയായിട്ടുണ്ട്.
കഞ്ചിക്കോട് പുതുശ്ശേരിയിൽ വ്യവസായ വികസനത്തിന് മാത്രമായി 3,806 കോടിയാണ് കേന്ദ്രം നീക്കിവെച്ചിരുന്നത്. 1,710 ഏക്കർ സ്ഥലം പദ്ധതിക്കായി ഏറ്റെടുത്തുവരുന്നു. നിലവിൽ സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തിലാണ്. നടപടികൾക്ക് ഊർജം പകരാൻ ഈ തുക സഹായകമാവും. കേരളത്തിൽ ഭൂമിവില കൂടുതലായതിനാൽ മറ്റ് ഇടനാഴികളെ അപേക്ഷിച്ച് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകേണ്ട സാഹചര്യം കൂടിയുണ്ട്. 51,000 പേർക്ക് തൊഴിൽ ലഭിക്കാനുള്ള സാഹചര്യവും വ്യവസായ സ്മാർട്ട് സിറ്റിയെത്തുന്നതോടെ ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.
ഷൊർണൂർ മണ്ഡലത്തിന് 67 കോടി
ചെർപ്പുളശ്ശേരി: സംസ്ഥാന ബജറ്റിൽ 67 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ഷൊർണൂർ മണ്ഡലത്തിൽനിന്ന് ഇടം പിടിച്ചത്. തൃക്കടീരി- മാങ്ങോട് റോഡ് നവീകരണം, ചെർപ്പുളശ്ശേരി ഇ.എം.എസ് റോഡ് നവീകരണം, നെല്ലായ ഗ്രാമപഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കൽ, ചളവറ ടൗൺ നവീകരണം, വെള്ളിനേഴി ഗവ. ഹൈസ്കൂളിൽ കെട്ടിട നിർമാണം, ചെർപ്പുളശ്ശേരി പന്നിയംകുറിശ്ശി- തൂത റോഡ് നവീകരണം രണ്ടാം ഘട്ടം എന്നീ പദ്ധതികൾക്ക് ഓരോ കോടി രൂപ വീതം വകയിരുത്തി.
ഷൊർണൂർ നഗരസഭ ഓഫിസ് ആധുനിക രീതിയിൽ നിർമിക്കുന്നതിന് രണ്ടുകോടി അനുവദിച്ചു. അനങ്ങനടി മൃഗാശുപത്രിക്കും വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിനും കെട്ടിടം നിർമിക്കാൻ 50 ലക്ഷം വീതവും വാണിയംകുളം ഗ്രാമപഞ്ചായത്തിലെ പറശ്ശേരികുളം, അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പനമണ്ണ ചെറുകുളം, പണിക്കരുകുളം എന്നീ കുളങ്ങൾ നവീകരിക്കാൻ രണ്ടുകോടിയും അനുവദിച്ചു.
ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശികളുടെയും മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് സ്വദേശികളുടെയും ചിരകാല സ്വപ്നമായ കാളികടവ് പാലം നിർമിക്കുന്നതിന് 25 കോടിയും ഷൊർണൂർ നിയോജകമണ്ഡലത്തിൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിക്കാൻ അഞ്ചുകോടിയും കൈലിയാട് എലിയെപ്പറ്റി റോഡ് നവീകരണത്തിന് 15 കോടിയും വെള്ളിനേഴി -കുളക്കാട് -പകരാവൂർ -കല്ലുവഴി റോഡ് നവീകരണത്തിന് മൂന്നുകോടിയും വാണിയംകുളം മൃഗാശുപത്രി ആധുനികവത്കരിക്കാൻ മൂന്നുകോടിയും തൃക്കടീരി- തരുവക്കോണം- ചളവറ റോഡ് നവീകരണത്തിന് രണ്ടു കോടിയും ഷൊർണൂർ വി.എച്ച്.എസ്.ഇ സ്കൂളിന് കെട്ടിടം നിർമിക്കാൻ രണ്ടുകോടിയും അനങ്ങുന്നടി വെള്ളാരം പാറ പത്താംകുളം തോട് നവീകരിക്കാൻ ഒരു കോടിയും വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

