നിയമനമില്ല; കോഴിക്കോട് ജില്ലയിലെ എൽ.പി.എസ്.ടി, യു.പി.എസ്.ടി ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ
text_fieldsrepresentational image
കോഴിക്കോട്: ജില്ലയിൽ എൽ.പി.എസ്.ടി/യു.പി.എസ്.ടി റാങ്ക് പട്ടികകളിൽ ഇടം നേടിയവർ നിയമനം കിട്ടാതെ പ്രതിസന്ധിയിൽ. സർക്കാർ സ്കൂൾ അധ്യാപകരാവുകയെന്ന ഇവരുടെ സ്വപ്നമാണ് അനന്തമായി നീളുന്നത്. 2025 മേയ് 31നാണ് എൽ.പി.എസ്.ടി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. മെയിൻ (606), സപ്ലിമെന്ററി (530) വിഭാഗങ്ങളിലായി 1136 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. റാങ്ക് ലിസ്റ്റ് വന്ന് ഒരുവർഷം കഴിഞ്ഞിട്ടും ഒന്ന്, മൂന്ന് റാങ്കുകാരും 15 ഭിന്നശേഷി വിഭാഗക്കാരും ഉൾപ്പെടെ 17 പേർക്കാണ് ജില്ലയിൽ ഇതുവരെ നിയമന ശിപാർശ ലഭിച്ചത്.
2025 മേയ് 30ന് നടന്ന എൽ.പി.എസ്.ടി പരീക്ഷ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു. എന്നാൽ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വരെയും ഈ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പി.എസ്.സി നിയമന ശിപാർശ അയച്ചിട്ടുണ്ട്. പഴയ ലിസ്റ്റ് റദ്ദാകുന്നതിന്റെ അവസാന മണിക്കൂറിൽ പോലും ആന്റിസിപ്പേറ്ററി വേക്കൻസി റിപ്പോർട്ട് ചെയ്തിട്ടാണ് പി.എസ്.സി ഇത്തരത്തിൽ നിയമന ശിപാർശ അയച്ചത്. ആ രീതിയിൽ 12 നിയമന ശിപാർശകളാണ് പഴയ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പി.എസ്.സി അയച്ചത്. കൂടാതെ ഡിവിഷൻ ഫാളിൽ പെട്ട് 27 അധ്യാപകർ പുറത്താവുകയും ചെയ്തു. ഇവരുടെയൊക്കെ നിയമന നടപടികൾ പൂർത്തിയായാൽ മാത്രമേ ഇനിയൊരാൾക്ക് പുതിയ ലിസ്റ്റിൽ നിന്ന് അവസരം ലഭിക്കുകയുള്ളൂവെന്ന കാര്യം ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.
2025 ഒക്ടോബർ 10നാണ് യു.പി.എസ്.ടി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പുതിയ റാങ്ക് ലിസ്റ്റിൽ നിന്ന് ഭിന്നശേഷി വിഭാഗത്തിലെ മൂന്നുപേർക്ക് മാത്രമാണ് നിയമന ശിപാർശ ലഭിച്ചത്. നിലവിൽ റിട്ടയർമെൻറ് പോസ്റ്റുകളും പ്രധാനാധ്യാപക പ്രമോഷനുമടക്കം 71 ഓളം ഒഴിവുകൾ കണക്കാക്കുന്നുണ്ട്. അതിൽ ഏഴ് എണ്ണം അഡീഷനൽ പോസ്റ്റുകളാണ്. ഈ പോസ്റ്റുകൾക്ക് അവകാശവാദമുന്നയിച്ച് പഴയ ലിസ്റ്റിലെ ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇന്റർ ഡിസ്ട്രിക്റ്റ് ട്രാൻസ്ഫർ സംബന്ധിച്ച കേസ് നടക്കുന്നതിനാൽ അത്തരം അധ്യാപകർക്കു വേണ്ടിയുള്ള ഒഴിവുകൾ മാറ്റിവെക്കുന്ന സാഹചര്യവുമുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.
അധ്യാപക-വിദ്യാർഥി അനുപാതം കുറച്ചും പ്രധാനാധ്യാപകരുടെ പോസ്റ്റ് അഡ്മിനിസ്ട്രേറ്റിവ് പോസ്റ്റാക്കി മാറ്റുകയും ചെയ്താൽ കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭിപ്രായം. ആറ്, ഏഴ് ക്ലാസുകളിൽ 35, അഞ്ചാം ക്ലാസിൽ 30 ആണ് വിദ്യാർഥി-അധ്യാപക അനുപാതം. ഈ അനുപാതം കുറച്ചാൽ സ്കൂളുകളിൽ കൂടുതൽ പോസ്റ്റുകൾ സൃഷ്ടിക്കാൻ സാധിക്കും. ഈ വർഷം യു.പിയിൽ 35ഓളം ഡിവിഷൻ ഫാൾ ഉണ്ടെന്നാണ് കണക്ക്. യു.പി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ അഡ്മിനിസ്ട്രേറ്റിവ് ചുമതലകൾക്കു പുറമെ ക്ലാസെടുക്കുകയും വേണം. കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ പ്രധാനാധ്യാപകർക്ക് പകരം ക്ലാസെടുക്കാൻ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കുകയാണ് പതിവ്. ഈ പോസ്റ്റിലേക്ക് പി.എസ്.സി നേരിട്ട് നിയമനം നടത്തുകയാണെങ്കിൽ ഒഴിവുകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഉദ്യോഗാർഥികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

