വാഴക്കാട് ഗ്രാമ പഞ്ചായത്ത്: ഭരണ തുടർച്ചക്ക് യു.ഡി.എഫ്; കച്ചമുറുക്കി എൽ.ഡി.എഫ്
text_fieldsവാഴക്കാട്: ജില്ലയുടെ ഇങ്ങേ അറ്റത്ത് ചാലിയാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വാഴക്കാട്. ജനസംഖ്യയുടെ പകുതിയിലധികവും കാർഷിക വൃത്തിയെ ആശ്രയിച്ച് ജീവിക്കുന്നവർ. പുളിക്കൽ, ചീക്കോട്, മുതുവല്ലൂർ, അരീക്കോട് ഗ്രാമ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്തിൽ നിലവിൽ വാർഡ് വിഭജനം പൂർത്തിയായതോടെ 22 വാർഡുകളാണുള്ളത്. യു.ഡി.എഫ് ഭരിക്കുന്ന ഈ ഗ്രാമപഞ്ചായത്തിൽ ലീഗ്- 10, സി.പി.എം- 2, കോൺഗ്രസ്- 6, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില.
1964ൽ നിലവിൽ വന്ന വാഴക്കാട് പഞ്ചായത്തിൽ ഏറിയ കാലവും ഭരണം നടത്തിയത് മുസ്‍ലിം ലീഗിന് മേധാവിത്തമുള്ള യു.ഡി.എഫ് ഭരണ സമിതിയായിരുന്നു. ചാലിയാർ സമര നായകനും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെ.എ. റഹ്മാൻ, സി.പി.എം നേതാവ് ഹൈദർ മാസ്റ്റർ, കോൺഗ്രസിലെ ബാലൻ നായർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ ഇവിടെ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നു. ഒരു പ്രാവശ്യം മുസ്‍ലിം ലീഗുമായി തെറ്റിപ്പിരിഞ്ഞ കോൺഗ്രസ്, സി.പി.എമ്മുമായി സഖ്യം ചേർന്ന് ജനകീയ മുന്നണി എന്ന പേരിൽ ഭരണം നടത്തിയതും വേറിട്ട കാഴ്ചയായി.
യു.ഡി.എഫ് മുന്നണിയിൽ ലീഗ് - കോൺഗ്രസ്- ലീഗ് പ്രസിഡന്റുമാർ മാറി മാറി ഭരണം നടത്തുകയായിരുന്നു. മുസ്‍ലിം ലീഗിലെ അബ്ദുറഹ്മാൻ മാസ്റ്ററും എം.കെ.സി നൗഷാദും കോൺഗ്രസ്സിലെ സി.വി. സകരിയ്യയും പ്രസിഡന്റ് പദം അലങ്കരിച്ചു. ഇത്തവണ വെൽഫെയർ പാർട്ടി എല്ലാ വാർഡുകളിലും യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കുന്നുണ്ട്.
തീപ്പൊരി മത്സരം നടക്കുന്ന അഞ്ചാം വാർഡ് വാഴക്കാട്ട് യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥിക്ക് വെല്ലുവിളിയുയർത്തി വിമത രംഗത്തുണ്ട്. യു.ഡി.എഫ് വോട്ടുകൾ ഭിന്നിക്കുമെന്ന പ്രതീക്ഷയിൽ സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കി എൽ.ഡി.എഫും പോർക്കളത്തിൽ സജീവമാണ്. എടവണ്ണപ്പാറ ടൗണിനോട് ചേർന്ന ചാലിയപ്പുറം വാർഡിലും ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കോൺഗ്രസിലെ അയ്യപ്പൻ കുട്ടിക്കെതിരെ സി.പി.എമ്മിലെ പ്രമുഖ നേതാവ് ഭാസ്കരൻ മാസ്റ്ററെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. യു.ഡി.എഫ് ധാരണപ്രകാരം മുസ്‍ലിം ലീഗ് 13, കോൺഗ്രസ് -8, ഒരു യു.ഡി.എഫ് സ്വതന്ത്രയും മത്സരിക്കുന്നുണ്ട്.
2015 -20 കാലയളവിൽ ഗ്രാമ പഞ്ചായത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പി ഇത്തവണ പത്ത് വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തിയാണ് പോരാട്ടം കനപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

