ബജറ്റിൽ പ്രതീക്ഷയോടെ മണന്തലക്കടവ് പാലം
text_fieldsചാലിയാറിലെ മണന്തലക്കടവ്
വാഴക്കാട്: പതിറ്റാണ്ടുകളായി വാഴക്കാട്ടുകാർ കാത്തിരിക്കുന്ന മണന്തലക്കടവ് പാലം ഈ വർഷത്തെ ബജറ്റോടെ യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. പഴയ കാലം മുതൽ തന്നെ ചാലിയാറിലെ ആദ്യ കടവുകളിലൊന്നാണ് മണന്തലക്കടവ്. മാവൂർ, വാഴക്കാട് പ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്ന മണന്തലക്കടവ് നൂറുകണക്കിനാളുകളുടെ ആശ്രയമായിരുന്നു.
1960കളിൽ മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി ഉള്ള കാലത്തു തന്നെ പാലമെന്ന ആവശ്യമുയർന്നിരുന്നു. അഞ്ച് കിലോമീറ്ററിൽ താഴെ ഊർക്കടവിൽ പാലം വന്നതോടെ ബോട്ട് സർവിസ് നിലച്ചെങ്കിലും ഇപ്പോഴും മാവൂരിലെത്താൻ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്.
നേരത്തെ മുസ്തഫ പൂവടിച്ചാലിൽ നൽകിയ നിവേദനത്തിന് മറുപടിയായി മണന്തലകടവ് പാലത്തിനായി മണ്ണ് പരിശോധനയും പ്ലാനും എസ്റ്റിമേറ്റും പൂർത്തിയായെന്നും ബജറ്റിൽ ഉൾപ്പെടുത്താൻ ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും രേഖാമൂലം അറിയിച്ചിരുന്നു.
മണന്തലക്കടവ് പാലത്തിനായി മാവൂരിൽ അനിശ്ചിതകാല സത്യഗ്രഹമടക്കം പ്രക്ഷോഭങ്ങൾ വരെ നടന്നു. 2.80 ലക്ഷം രൂപ ചെലവഴിച്ചാണ് മണ്ണ് പരിശോധനയും മുകളിലെ പ്ലാനും പൂർത്തിയാക്കിയിരുന്നത്.
മണന്തലക്കടവിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ തോണിയപകടം നടന്നത് ഇന്നും നടുക്കത്തോടെയാണ് നാട്ടുകാർ ഓർത്തെടുക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള മണന്തലക്കടവ് പാലത്തിന് വെള്ളിയാഴ്ച സംസ്ഥാന ബജറ്റിൽ ധനമന്ത്രി ഫണ്ട് വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് വാഴക്കാട്ടുകാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.