ഇടതുചാരി വലതോരം ചേർന്ന് മങ്കട
text_fieldsമങ്കട മണ്ഡലം
മങ്കട: തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മൂന്നുതവണ മാത്രം എല്‍.ഡി.എഫ് വിജയിച്ച മണ്ഡലമാണ് മങ്കട. ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് ഈ മണ്ഡലത്തിൽ ആധിപത്യം നേടിയത്. 1965ല്‍ മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയും 2001ലും 2006ലും മഞ്ഞളാംകുഴി അലിയുമാണ് ഇടതുപക്ഷ ടിക്കറ്റില്‍ ജയിച്ചു കയറിയവര്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും പിടിച്ചടക്കാൻ കഴിഞ്ഞു എന്നത് യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 2001ല്‍ കെ.പി.എ. മജീദിനെയും 2006ല്‍ ഡോ. എം. കെ. മുനീറിനെയും തോല്‍പ്പിച്ചാണ് അന്ന് ഇടതു ടിക്കറ്റില്‍ മത്സരിച്ച മഞ്ഞളാംകുഴി അലി, മണ്ഡലം എല്‍.ഡി.എഫിന് പിടിച്ചുകൊടുത്തത്.
2011ൽ ലീഗിലേക്ക് കളം മാറിയ അലി, മണ്ഡലം മാറി പെരിന്തല്‍മണ്ണയില്‍ മത്സരിക്കുകയും അവിടെ നിന്ന് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതേസമയം, ടി.എ. അഹമ്മദ് കബീര്‍ മങ്കട മണ്ഡലം ലീഗിന് തന്നെ തിരിച്ചു പിടിച്ചു കൊടുത്തു. 23,593 ആണ് ലീഗിലെ ടി.എ അഹമ്മദ് കബീർ നേടിയ ലീഡ്. എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പില്‍ ലീഡ് 1,508 വോട്ടുകളായി കുറഞ്ഞു. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് 23,466 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച മണ്ഡലമാണ് മങ്കട. 2017ല്‍ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 19,262 വോട്ടായി ചുരുങ്ങി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ കണക്കുകളും മറികടന്ന് 35,265 ആയി യു.ഡി.എഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചു. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 1,324 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് മണ്ഡലാടിസ്ഥാനത്തില്‍ നോക്കിയാലുള്ളത്. രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് ആ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം നില നിര്‍ത്താനായത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിച്ചു. 2020ലെ തദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറെണ്ണം യു.ഡി.എഫ് നേടി. എല്‍.ഡി.എഫിന് മൂര്‍ക്കനാട് പഞ്ചായത്ത് മാത്രമാണ് ലഭിച്ചത്. 2025ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും വിജയിച്ചു. മങ്കട, മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ മൂര്‍ക്കനാട് പഞ്ചായത്ത് എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫ് നിലനിര്‍ത്തി. മുഴുവൻ പഞ്ചായത്തുകളും തങ്ങൾക്ക് അനുകൂലമായ, മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. മങ്കട മണ്ഡലത്തിൽ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യവുമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകൾ തദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയത്തിൽ സഹായിച്ചിട്ടുണ്ട്. അതേസമയം, എല്ലാവിധ തന്ത്രങ്ങളും ഉപയോഗിച്ച് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി ഇടതു പക്ഷം ഇത്തവണയും അരയും തലയും മുറുക്കി രംഗത്തുള്ളത്.
ആരാവും സ്ഥാനാർഥി?
ലീഗിൽ മഞ്ഞളാംകുഴി അലി തന്നെയാണ് മങ്കടയിൽ മത്സരിക്കാന്‍ സാധ്യത. ലീഗിൽ ചെറിയൊരു വിഭാഗം അലിക്ക് എതിരായുണ്ട്. യുവാക്കൾക്ക് അവസരം നൽകണമെന്ന ആവശ്യം ഈ വിഭാഗം ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് വലിയ സ്വാധീനം സൃഷ്ടിക്കില്ല എന്നാണ് കരുതുന്നത്.
എല്‍.ഡി.എഫില്‍ ഇത്തവണയും അഡ്വ. ടി.കെ. റഷീദലിക്കാണ് സാധ്യത. മറ്റു പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും രണ്ടുതവണ അങ്കം കുറിച്ച പരിചയംവെച്ച് റഷീദലിക്കാണ് മുൻതൂക്കം.
2021 നിയമസഭ
മഞ്ഞളാംകുഴി അലി (യു.ഡി.എഫ്) -83231
ടി.കെ. റഷീദലി (എല്‍.ഡി.എഫ്) -76985
സജേഷ് എലായില്‍ (ബി.ജെ.പി ) - 6641
ഭൂരിപക്ഷം: 6246
2024 ലോക്സഭ
ഇ.ടി.മുഹമ്മദ് ബഷീർ (യു.ഡി.എഫ്)-92,383
വി.വസീഫ് (എൽ.ഡി.എഫ്)-51,350
ഡോ.അബ്ദുസലാം(ബി.ജെ.പി)-10,604
ഭൂരിപക്ഷം-41,033
2025 തദ്ദേശം വോട്ട്നില
യു.ഡി.എഫ് -1,02,066
എല്‍.ഡി.എഫ്-70,390,
എന്‍.ഡി.എ-5,139
യു.ഡി.എഫ് ലീഡ്- 31,676
2025 തദ്ദേശം കക്ഷിനില
കുറുവ: യു.ഡി.എഫ് 21, എല്‍.ഡി.എഫ്: 3
മൂര്‍ക്കനാട്: യു.ഡി.എഫ് 14, എല്‍.ഡി.എഫ് 8, എന്‍.ഡി.എ 1
മങ്കട: യു.ഡി.എഫ്: 16, എല്‍.ഡി.എഫ്: 5
പുഴക്കാട്ടിരി: യു.ഡി.എഫ് 17, എല്‍.ഡി.എഫ്: 2
അങ്ങാടിപ്പുറം: യു.ഡി.എഫ് 16 എല്‍.ഡി.എഫ് 6 എന്‍.ഡി.എ 1, വെല്‍ഫെയര്‍ പാര്‍ട്ടി 1
മക്കരപ്പറമ്പ് : യു.ഡി.എഫ് 13 എല്‍.ഡി.എഫ് 1 വെല്‍ഫെയര്‍ പാര്‍ട്ടി 1 , സ്വത. 1
കൂട്ടിലങ്ങാടി: യു.ഡി.എഫ് 16, എല്‍.ഡി.എഫ് 3, വെല്‍ഫെയര്‍ പാര്‍ട്ടി 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

