കാലവർഷം വരവായി; തീരവാസികൾക്ക് നെഞ്ചിടിപ്പ്
text_fieldsപൊന്നാനി: ഓരോ കടലാക്രമണ സമയത്തും കടൽഭിത്തി നിർമിക്കുമെന്ന അധികൃതരുടെ പാഴ് വാക്ക് വിശ്വസിച്ച കടലോരവാസികൾക്ക് ഈ കടലാക്രമണത്തിലും സ്വസ്ഥതയോടെ വീടുകളിൽ കിടന്നുറങ്ങാനാകില്ല. പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീരദേശ മേഖലയിൽ അനുവദിച്ച 10 കോടി രൂപയുടെ പ്രവൃത്തിയിൽ ഒന്നര വർഷം കൊണ്ട് പൂർത്തീകരിച്ചത് 40 ശതമാനം മാത്രം പ്രവൃത്തികളാണ്. 1054 മീറ്റർ കടൽഭിത്തി നിർമിക്കാനുള്ള പദ്ധതിയിൽ അറുപത് ശതമാനം പ്രവൃത്തികളും ഇനിയും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉയർന്നപ്പോൾ പ്രവൃത്തി നടക്കുന്നുണ്ടെന്ന തെറ്റായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. എന്നാൽ, ഇത് തെറ്റാണെന്ന് ബോധ്യമായതോടെ സബ് കലക്ടർ കരാറുകാർക്ക് അന്ത്യശാസനം നൽകി. ജൂണിൽ നിർമാണം പൂർത്തീകരിക്കണമെന്ന നിർദേശമാണ് നൽകിയത്.
പൊന്നാനി മണ്ഡലത്തിൽ കടൽഭിത്തി നിർമ്മിക്കാൻ പത്ത് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചെങ്കിലും ഇത് അപര്യാപ്തമാണെന്നാണ് ആക്ഷേപം. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പരിധിയിലെ 11 കിലോമീറ്ററിലധികം പരിധിയിൽ വെറും 1054 മീറ്റർ ഭാഗമാണ് 10 കോടി ചെലവഴിച്ച് കടൽഭിത്തി നിർമ്മിച്ചത്. ഇതിൽ പൊന്നാനി നഗരസഭ പരിധിയിൽ മരക്കടവ് മുതൽ അലിയാർ പള്ളി വരെയുള്ള 600 മീറ്റർ ഭാഗം, വെളിയങ്കോട് തണ്ണിത്തുറയിൽ 235 മീറ്റർ, പാലപ്പെട്ടിയിൽ 250 മീറ്റർ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്.
നിർമാണം പൂർത്തീകരിച്ച ഇടങ്ങളിൽ തന്നെ ചെറിയ കല്ലുകളിട്ടതിനാൽ ഇത് കടലാക്രമണത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. കടലാക്രമണം രൂക്ഷമായി ബാധിക്കുന്ന എം.ഇ.എസ് കോളജിന് പിൻവശം, ഹിളർ പള്ളി പരിസരം, മുറിഞ്ഞഴി, മൈലാഞ്ചിക്കാട് ഭാഗങ്ങളിൽ കടൽഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. നേരത്തെയുണ്ടായ കടലാക്രമണങ്ങളിൽ ഈ ഭാഗത്തെ കല്ലുകളെല്ലാം മണ്ണിനടിയിലാണ്.
ഇതിനാൽ വീണ്ടുമൊരു കടലാക്രമണമുണ്ടായാൽ വലിയ നാശനഷ്ടമാകും സംഭവിക്കുക. അതേസമയം, താലൂക്കിൽ പൂർണമായും ടെട്രാപോഡ് സംവിധാനത്തിൽ സുരക്ഷ ഭിത്തി നിർമിക്കുന്നതിന് ചെല്ലാനത്ത് നിന്നുള്ള സാങ്കേതിക വിദഗ്ദർ പൊന്നാനി താലൂക്കിലെ തീരമേഖലകളിൽ പഠനം നടത്തിയിരുന്നു. ചിലയിടങ്ങളിൽ മാത്രമുള്ള കടൽഭിത്തി നിർമാണം കടലാക്രമണ സമയത്ത് കൂടുതൽ ദുരിതം വിതക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

