തദ്ദേശ പോരിലും സ്നേഹം കൊരുത്ത മലപ്പുറം ഖിസകൾ
text_fieldsമഞ്ചേരി മുനിസിപ്പൽ 13ാം
വാർഡ് പാലക്കുളത്തുനിന്ന്
ജയിച്ച യു.ഡി.എഫ് സ്ഥാനാർഥി പി.എം. അബ്ദുൽ നാസറിന് ഹാരാർപ്പണം നടത്തുന്ന
എൽ.ഡി.എഫ് സ്ഥാനാർഥി
മുഹമ്മദ് അൻസാരി, കോട്ടക്കൽ നഗരസഭ
ചീനമ്പത്തൂർ വാർഡ് 21ൽ
ജയിച്ച ആലമ്പാട്ടിൽ
സാബിറ (യു.ഡി.എഫ്)
എതിർ സ്ഥാനാർഥി
ഹഫീഫ സിദ്ദീഖിനെ
ആശ്ലേഷിക്കുന്നു
മലപ്പുറം: പന്തുകളിക്കിറങ്ങുന്നവരെ കണ്ടിട്ടില്ലേ, എതിരാളി ഉറ്റകൂട്ടുകാരാണെങ്കിൽ പോലും മൈതാനത്തവർ കീരിയും പാമ്പുമാവും. കളി കഴിഞ്ഞാലോ വീണ്ടും തോളിൽ കൈയിട്ട് സൊറ പറയും. സ്പോർട്സ്മാൻ സ്പിരിറ്റെന്നൊക്കെ പറയും. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്തെ തെരുവുകളിലൂടെ ഒന്ന് റോന്തുചുറ്റിയാൽ അക്ഷരാർഥത്തിൽ അത് അനുഭവിച്ചറിയാമായിരുന്നു. ചെറിയൊരു വ്യത്യാസം മാത്രം. ഇത് പന്തുകളികഥയല്ല. സ്പോർട്സ് മാൻ സ്പിരിറ്റിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട സ്നേഹകഥ.
തെരഞ്ഞെടുപ്പ് ദിവസം മഞ്ചേരി നഗരസഭയിലെ 14-ാം വാർഡ് കിഴക്കേത്തലയിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി വല്ലാഞ്ചിറ ബുഷ്റാബി, എൽ.ഡി.എഫ് സ്ഥാനാർഥി റംസിയ, എസ്.ഡി.പി.ഐ സ്ഥാനാർഥി ഓവുങ്ങൽ സുമയ്യ എന്നിവർ ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചപ്പോൾ,
മഞ്ചേരി മുൻസിപ്പൽ 45ാം വാർഡ് വട്ടപ്പാറയിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി സുഷിത പ്രകാശും പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർഥി ഐശ്വര്യ ദിനേഷും ആശ്ലേഷിക്കുന്നു
ഒരു മാസം നീണ്ടുനിന്ന തെരഞ്ഞടുപ്പാരവത്തിന് കൊടിയിറങ്ങി. വാക്പോരും പന്തയവും വാഗ്വാദങ്ങളും നിറഞ്ഞ പ്രചാരണം. മുന്നണികളുടെ വിജയത്തിനായി കൈമെയ് മറന്ന് അധ്വാനിച്ചവർ. അഭിമാനപോരാട്ടത്തിന് സകലതും ത്യജിച്ചവർ. എന്നാൽ എത്ര വേഗമാണ് ഇന്നലെ വരെ ചർച്ച ചെയ്ത രാഷ്ട്രീയവും അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം ഈ മനുഷ്യർ മറന്നിരിക്കുന്നത്. കനത്ത മത്സരാവേശത്തിലും സൗഹൃദം കൈവെടിയാത്തവർ. തെരഞ്ഞെടുപ്പിന് മുന്നേ ഒരു സ്കൂട്ടറിൽ കയറി വോട്ട് ചോദിക്കാൻ പോയ രണ്ട് സ്ഥാനാർഥികൾ പൂക്കോട്ടൂരിലെ കാഴ്ചയായിരുന്നു. പതിനൊന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി മുജ്തബയും എൽ.ഡി.എഫിന്റെ സ്ഥാനാർഥി ഹബീബുമാണ് ഒരുമിച്ച് വോട്ടഭ്യാർഥനയുമായി ഇറങ്ങിയത്. വോട്ടെടുപ്പിന്റെ ദിവസം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന വിവിധയിടങ്ങളിലെ സ്ഥാനാർഥികളുടെ ചിത്രങ്ങളും ഒരുപാടുണ്ടായിരുന്നു.
മങ്കട 19ാം വാർഡ് വെള്ളില പുത്തൻവീടിൽ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി ഷരീഫ് ചൂണ്ടയിലിനെ മാലയിട്ട് സ്വീകരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. സിദ്ദീഖ്
വോട്ടർമാരെ ഒരുമിച്ച് സ്വീകരിക്കുന്നവർ, ഒരുമിച്ച് സെൽഫിയെടുക്കുന്നവർ.... പരസ്പരം മത്സരിക്കുന്നവരെ കണ്ടാൽ ഉറ്റചങ്ങാതിമാരെ പോലെ.
പൂക്കോട്ടൂർ പഞ്ചായത്ത് 11ാം വാർഡ് പിലാക്കലിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി പി.കെ. മുഹമ്മദ് മുജ്തബയും എൽ.ഡി.എഫ് സ്ഥാനാർഥി ഹബീബ് റഹ്മാനും
ഫലം വന്നതോടെ വീണ്ടും മനസ്സുനിറക്കുന്ന ചിത്രങ്ങൾ. നന്നമ്പ്രയിൽ കണ്ടത് തോറ്റ സ്ഥാനാർഥിയെ കെട്ടിപ്പിടിച്ചു കരയുന്ന കൂട്ടുകാരനായ ജയിച്ച സ്ഥാനാർഥിയെയാണ്. വിജയിച്ച സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിലേക്ക് ഇറങ്ങിച്ചെന്ന് അഭിനന്ദിക്കുന്ന തോറ്റ സ്ഥാനാർഥികൾ. മഞ്ചേരി വട്ടപ്പാറയിലും പാലക്കുളത്തും പൂക്കോട്ടൂരിലും തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചിത്രങ്ങളും വിഡിയോകളും വന്നു. പൂക്കോട്ടൂർ ഏഴാം വാർഡിലെ ജയിച്ച യു.ഡി.എഫിന്റെ സമദ് പറയങ്ങാടനെ ചുവന്ന മാലയണിയിച്ചത് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അൻസാറിന്റെ മക്കൾ. ഇവിടെ എല്ലാവർക്കും ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ. അതിനെ സ്നേഹമെന്ന പേരിട്ട് വിളിക്കാനാവും. ഐക്യപ്പെടാൻ ആയിരം കാരണങ്ങളുണ്ടായിരിക്കെ ചെറിയ കാര്യങ്ങളിൽ അനൈക്യത്തിന്റെ വിത്തുപാകുന്നവർ ഈ നാടിനെ വീണ്ടും അറിയേണ്ടതുണ്ട്, നാട്ടുകാരെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

