കോട്ടക്കുന്നിലെ കോണ്ടൂർ സർവേ സ്വകാര്യ ഏജൻസിക്ക് നൽകിയ കരാർ റദ്ദാക്കി
text_fieldsമലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ സാധ്യത ഒഴിവാക്കാൻ ഓവുചാൽ നിർമിക്കുന്നതിന്റെ ഭാഗമായി പുതിയ കോണ്ടൂർ സർവേ മാപ്പ് തയാറാക്കാൻ സ്വകാര്യ ഏജൻസിക്ക് നൽകിയ കരാർ നഗരസഭ റദ്ദാക്കി. ക്വാട്ട് ചെയ്‌ത തുക അപര്യാപ്തമാണെന്നും ആ തുകക്ക് സർവേ മാപ്പ് തയാറാക്കാൻ സാധിക്കില്ലെന്നും സ്വകാര്യ സ്ഥാപനം അറിയിച്ചതോടെയാണ് കരാർ റദ്ദാക്കിയത്. പുതിയ ക്വട്ടേഷൻ നഗരസഭ ക്ഷണിച്ച് കുറഞ്ഞ തുക ക്വാട്ട് ചെയ്‌ത (ജി.എസ്.ടി കൂടാതെ 1.8 ലക്ഷം രൂപ) ഏജൻസിക്ക് കരാർ നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
2019 ആഗസ്‌റ്റ് ഒമ്പതിന് കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ചെരുവിൽ താമസിക്കുന്നവരെ സുരക്ഷിതാരാക്കാൻ ഓവുചാൽ നിർമാണത്തിന് വിദഗ്‌ധ സമിതി ശിപാർശ ചെയ്തത്. പദ്ധതിക്കായി 2024 ആഗസ്‌റ്റിൽ ദുരന്ത നിവാരണ വകുപ്പ് 2.03 കോടി രൂപ അനുവദിച്ചിരുന്നു. നേരത്തെ നാല് വർഷം മുമ്പ് നടത്തിയ സർവേ പ്രകാരം തയാറാക്കിയ ഡിസൈനിലാണ് ഓവുചാൽ നിർമിക്കാൻ പദ്ധതി തയാറാക്കിയിരുന്നത്.
ഭൂമിയുടെ ഘടന മാറിയതിനാൽ പുതിയ സർവേയും ഡിസൈനും വേണമെന്ന് ഉന്നതതല യോഗം നിർദേശിച്ചിരുന്നു. പുതിയ നിർദേശമനുസരിച്ച് നാല് ഓവുചാലുകൾ നിർമിക്കേണ്ടി വരും.അതിന് എട്ട് കോടിയോളം രൂപ ചെലവു വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. കോട്ടക്കുന്ന് മുതൽ ചെറാട്ടുകുഴി വഴി വലിയതോട് വരെ ഒരു കിലോമീറ്ററോളം നീളത്തിലാണ് ഓവുചാൽ നിർമിക്കേണ്ടത്.
പുതിയ കോണ്ടൂർ സർവേയിൽ ഓവുചാൽ കടന്നു പോകുന്ന പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തും. അതിനു വേണ്ടിയാണ് സർവേ നടത്തുന്നത്. സർവേ ചെലവുകൾ വഹിക്കേണ്ടത് നഗരസഭയാണ്. ജലവിഭവ വികസന വിനിയോഗ കേന്ദ്രമാണ് (സി.ഡബ്യു.ആർ.ഡി.എം) പദ്ധതിയുടെ രൂപഘടന തയാറാക്കുക. അതു പ്രകാരമായിരിക്കും ഓവുചാൽ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

