തെരഞ്ഞെടുപ്പ് ചൂടിൽ സൗഹൃദക്കുളിരിടമായി ചായക്കടകൾ
text_fieldsആലപ്പുഴ നഗരത്തിലെ വെള്ളക്കിണർ ഭാഗത്തെ
ചായക്കടയിലെ രാഷ്ട്രീയ ചർച്ച
ആലപ്പുഴ: കടുത്ത വേനലിന്റെ പാരമ്യത്തിലെത്തിയ തെരഞ്ഞെടുപ്പ് ചൂട് തിരയിളക്കങ്ങൾ സൃഷ്ടിക്കുമ്പോൾ നഗര-ഗ്രാമങ്ങളിലെ ചായക്കടകളും റസ്റ്റാറന്റുകളും തെരഞ്ഞെടുപ്പ് ചർച്ചകളുടെ കുളിരിടങ്ങളാകുന്നു.
യുവാക്കൾക്കൊപ്പം മധ്യവയസ്കരും വൃദ്ധരും ചെറുകൂട്ടങ്ങളായി നാടിന്റെ സർവതലസ്പർശിയായ പ്രശ്നങ്ങളുടെ കുരുക്കഴിക്കലാണിവിടെ നടക്കുന്നത്. വികസനത്തിലെ പോരായ്മകളും നീറുന്ന പ്രശ്നങ്ങളും ചർച്ചയാകുമ്പോഴും അന്തിമ വോട്ട് ആർക്കെന്ന മനസ്സിലിരിപ്പ് ചിലർ പ്രകടമാക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്.
ചർച്ച ചെയ്യുന്നവരിൽ തൊഴിലാളികളും പാർട്ടി ഭാരവാഹികളും അനുഭാവികളും അരാഷ്ട്രീയവാദികളും എല്ലാമുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ മുൻതൂക്കം ആർക്ക് എന്ന ചോദ്യത്തിന് ജി. സുധാകരന്റെയും എച്ച്. സലാമിന്റെയും പേരുകൾ ഒരുപോലെ വെളിപ്പെടുത്തുമ്പോഴും തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം വ്യക്തമാകുമെന്ന് ചിലർ കണ്ണിറുക്കുന്നു.
പാചകവാതകക്ഷാമവും അതിനെത്തുടർന്നുള്ള ഭക്ഷണശാലകളിലെ വിഭവക്ഷാമവും വിലക്കയറ്റവും തന്നെയാണ് എല്ലാവരുടെയും പരിദേവനങ്ങളിൽ മുന്നിൽ. ഈ അവസരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. ആരു ജയിച്ചാലും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് ചായക്കടത്തൊഴിലാളികളും പറയുന്നു. വിശന്ന വയറുമായി വന്ന് ഒരു ചായ പോലും കുടിക്കാനാവാതെ മടങ്ങുന്ന ഉപഭോക്താക്കളുടെ വേദന തൊഴിലാളികളുടെ കണ്ണുകളിൽനിന്ന് വായിച്ചെടുക്കാം. പാചകവാതകപ്രശ്നം തെരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് കടയുടമകളും വെളിപ്പെടുത്തുന്നു. മേഖലയിലെ തൊഴിൽ ലഭ്യതക്കുറവും ചൂണ്ടിക്കാട്ടപ്പെടുന്നു. കച്ചവടം നടത്തിയാൽ അതിനൊത്ത മൂല്യം കിട്ടുന്നില്ല. തങ്ങൾ വിഷമവൃത്തത്തിലാണെങ്കിലും വോട്ടുചർച്ചകൾക്ക് അവസരമൊരുക്കാൻ എല്ലാ കടയുടമകൾക്കും നൂറുവട്ടം സമ്മതം. പഴയതുപോലെയില്ലെങ്കിലും കച്ചവടം കരകയറിവരുന്നെന്ന ആശ്വാസം പല മുഖങ്ങളിലുമുണ്ട്.
തൊഴിലാളികളായ ഗോപി, പത്മനാഭൻ, പുരുഷൻ എന്നിവരാണ് ചർച്ചകളിൽ കാര്യമായി പങ്കെടുത്തത്. ഹോട്ടൽ തൊഴിലാളിയായ നിഷാദിനും വ്യക്തമായ അഭിപ്രായമുണ്ട്. ചായ കുടിക്കാനായി എത്തിയ വാഹന ഷോറൂം പ്രതിനിധിയായ ജോമോൻ, വഴിയോര കച്ചവടക്കാരായ ഗഫൂർ, ഹനീഫ് എന്നിവരും ചർച്ചയിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

