പൊന്നാനി ഫിഷിങ് ഹാർബറിലെ ടോൾ പിരിവ്; തദ്ദേശീയരായ കാൽനടക്കാരെ ഒഴിവാക്കും
text_fieldsപൊന്നാനി ഫിഷിങ് ഹാർബറിലെ ടോൾ പിരിവിൽനിന്ന് തദ്ദേശീയരായ കാൽനടയാത്രക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നിവേദനം നൽകുന്നു
പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിലെ ടോൾ പിരിവിൽനിന്ന് തദ്ദേശീയരായ കാൽനടയാത്രക്കാരെ ഒഴിവാക്കാൻ തീരുമാനം. പൊന്നാനി നഗരസഭ പരിധിയിലെ കാൽനടയാത്രക്കാരിൽനിന്ന് ടോൾ പിരിക്കരുതെന്ന് ഹാർബർ എൻജിനീയറിങ് എക്സിക്യുട്ടീവ് എൻജിനീയർ രാജീവ് കരാറുകാർക്ക് നിർദേശം നൽകി. ‘മാധ്യമം’ വാർത്തയെത്തുടർന്നാണ് നടപടി.കാൽനട യാത്രക്കാരിൽനിന്നും തദ്ദേശീയരിൽ നിന്നും പ്രവേശനഫീസ് ഈടാക്കുന്നതിനെതിരെ അനുബന്ധ മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവും പ്രതിഷേധവുമായി രംഗത്തെത്തി.
പരിസരവാസികളും തദ്ദേശിയരും ആയ കാൽനട യാത്രക്കാർക്ക് ഉൾപ്പെടെ പത്ത് രൂപ ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് പൊന്നാനി നഗരസഭ പരിധിയിലുള്ളവരെ ഇതിൽനിന്ന് ഒഴിവാക്കാൻ തീരുമാനമായത്. മത്സ്യലേലം ഉൾപ്പെടെ നടക്കുന്ന ഹാർബറിലേക്ക് പ്രവേശിക്കാൻ കാൽനടയാത്രക്കാരിൽനിന്ന് പണമീടാക്കുന്നതിനെച്ചൊല്ലി യുള്ള തർക്കങ്ങൾ പതിവായതിനെത്തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു.
തുടർന്ന് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഹാർബർ എൻജിനീയറിങ് എക്സ്ക്യുട്ടീവ് എൻജിനീയർക്ക് ഓഫിസിലെത്തി നിവേദനം നൽകി. അദ്ദേഹം കരാറുകാരനുമായി നടത്തിയ ചർച്ചയിലാണ് പൊന്നാനിയിലെ കാൽനടയാത്രക്കാരിൽനിന്ന് പണം ഈടാക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
കൂടാതെ പൊന്നാനിയിലെ മത്സ്യഅനുബന്ധ തൊഴിലാളികൾക്ക് വിശ്രമകേന്ദ്രമൊരുക്കാനും തീരുമാനമായി. ടോൾ ആരംഭിച്ചത് മുതൽ കാൽനടയാത്രക്കാരിൽനിന്ന് പണമീടാക്കുന്നത് പ്രശ്നങ്ങൾക്കിടയാക്കിരുന്നു. ടോൾ കാലാവധി പുതുക്കുമ്പോൾ ഇത് ഒഴിവാക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കരാർ പുതുക്കിയിട്ടും കാൽ നടയാത്രക്കാരിൽനിന്ന് പണം വാങ്ങുന്നത് അവസാനിപ്പിച്ചില്ല.
യൂനിയൻ ജില്ല ട്രഷറർ എം.എ. ഹമീദ്, ഏരിയ പ്രസിഡന്റ് സൈഫു പൂളക്കൽ, മുനിസിപ്പൽ പ്രസിഡന്റ് വി.എം. അബൂബക്കർ, മുൻസിപ്പൽ ട്രഷറർ ഫാറൂഖ്, ടി.കെ മഷ്ഹൂദ് എന്നിവർ സംബന്ധിച്ചു.