കെട്ടിയിട്ട വള്ളത്തിന്റെ വല സാമൂഹികവിരുദ്ധർ കത്തിച്ചു
text_fieldsപുതുപൊന്നാനി അഴിമുഖത്ത് കെട്ടിയിട്ട വള്ളത്തിന്റെ വല സാമൂഹികവിരുദ്ധർ കത്തിച്ചപ്പോൾ
പൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് കെട്ടിയിട്ട വള്ളത്തിന്റെ വല സാമൂഹികവിരുദ്ധർ കത്തിച്ചു. പുതുപൊന്നാനി സ്വദേശി ചിപ്പൻറകത്ത് കാസിമിന്റെ ഉടമസ്ഥതയിലുള്ള ഹിളർ വള്ളത്തിന്റെ വലയാണ് തീവെച്ച് നശിപ്പിച്ചത്. 200 കിലോയോളം തൂക്കമുളള വലയും 60 കിലോഭാരമുള്ള ഈയവുമാണ് കത്തിനശിച്ചത്. '
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സമീപവാസിയാണ് വള്ളമുടമയെയും പൊലീസിനെയും അറിയിച്ചത്. വള്ളമുടമ എത്തിയപ്പോഴേക്കും പൂർണമായും കത്തിനശിച്ചിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് സാമൂഹികവിരുദ്ധശല്യം ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് നിന്ന് പുതുപൊന്നാനി സ്വദേശി പള്ളിത്താഴത്ത് ഫാറൂഖിന്റെ ബൈക്ക് മോഷണം പോയിരുന്നു. പ്രദേശത്ത് കെട്ടിയിടുന്ന വള്ളങ്ങളിലെ വലകളിലെ ഈയം മോഷണം പോകുന്നതായും പരാതിയുണ്ട്. നിരവധി തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.