പൊന്നാനിയിൽ കടൽഭിത്തി നിർമാണത്തിന് തുടക്കം
text_fieldsപൊന്നാനി ഹിളർപള്ളി ഭാഗത്ത് കടൽഭിത്തി നിർമാണമാരംഭിച്ചപ്പോൾ
പൊന്നാനി: കടലേറ്റം തടയാൻ പൊന്നാനി തീരത്ത് ഭിത്തിനിർമാണം ആരംഭിച്ചു. കടൽക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ ഭാഗത്തെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. 35 ലക്ഷത്തിന്റെ സർക്കാർ ഫണ്ടും 30 ലക്ഷത്തിന്റെ ജലസേചന വകുപ്പ് ഫണ്ടും ചേർന്ന് 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂടാതെ മുല്ല റോഡ് പ്രദേശത്ത് 134 മീറ്റർ ജിയോബാഗ് സ്ഥാപിക്കാൻ ദുരന്തനിവാരണ വകുപ്പിൽ നിന്ന് 16 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതോടെ പൊന്നാനിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീരസംരക്ഷണത്തിനായി 81 ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാവുന്നത്. കൂടാതെ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെയുള്ള പ്രദേശങ്ങളിലായി 1,084 മീറ്റർ കടൽഭിത്തി നിർമിക്കാൻ 10 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നടപടിയും പൂർത്തിയായിട്ടുണ്ട്.
പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പാലപ്പെട്ടി കടപ്പുറം ജുമമസ്ജിദ് ഖബര്സ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് ഭിത്തി നിർമിക്കുക. കഴിഞ്ഞതവണയുണ്ടായ കടൽക്ഷോഭം പാലപ്പെട്ടി, വെളിയങ്കോട്, പൊന്നാനി പ്രദേശങ്ങളിൽ ഏറെ നാശം വിതച്ചിരുന്നു. പ്രദേശം സന്ദർശിച്ച പി. നന്ദകുമാർ എം.എൽ.എ വിഷയം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതോടെയാണ് അടിയന്തര ഇടപെടലുണ്ടായത്.

