Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

38 വർഷം പഴക്കമുള്ള ചരിത്രസാക്ഷിയെ കാത്ത് പൊന്നാനി; മ്യൂസിയമാക്കണമെന്ന നിർദേശവും

text_fields
bookmark_border
38 വർഷം പഴക്കമുള്ള ചരിത്രസാക്ഷിയെ കാത്ത് പൊന്നാനി; മ്യൂസിയമാക്കണമെന്ന നിർദേശവും
cancel
പൊന്നാനി കോടതി കെട്ടിടസമുച്ചയം ഓർമയാകുമോ? 2

പൊന്നാനി: കാലത്തിന്റെ കുത്തൊഴുക്കിൽ പൊന്നാനിയുടെ ചരിത്രം അടയാളപ്പെടുത്തിയ 138 വർഷം പഴക്കമുള്ള കോടതി കെട്ടിടം ഓർമയാകുമോ? പുതിയ കോടതി സമുച്ചയം യാഥാർഥ്യമാകുന്നതോടെ പഴയ കോടതി കെട്ടിടത്തിന്റെ ഭാവി വീണ്ടും ചർച്ചയാകുകയാണ്. കെട്ടിടം പൊളിച്ചുനീക്കുന്നതിന് പകരം ചരിത്ര-പൈതൃക പ്രാധാന്യം കാത്തുസൂക്ഷിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

1888ൽ നിർമിച്ചതായി രേഖകളിൽ പറയുന്ന പഴയ കോടതി കെട്ടിടം ബ്രിട്ടീഷ് ഭരണകാലം മുതൽ പൊന്നാനിയുടെ നീതിന്യായ-ഭരണ ചരിത്രത്തിന് സാക്ഷിയാണ്. പഴയ നിർമാണരീതിയും വാസ്തുശിൽപ സവിശേഷതകളും നിലനിർത്തുന്ന കെട്ടിടം പൊന്നാനിയുടെ നഗരചരിത്രത്തിലെ പ്രധാന അടയാളങ്ങളിലൊന്നാണ്.

പൊന്നാനി താലൂക്കിന്റെ ഭരണപരമായ പ്രാധാന്യം വർധിച്ച കാലഘട്ടത്തിലാണ് കെട്ടിടവും നിലവിൽവന്നത്. 1881ൽ താലൂക്ക് പുനഃസംഘടിപ്പിക്കപ്പെട്ടതോടെ വിശാലമായ പ്രദേശത്തിന്റെ ഭരണകേന്ദ്രമെന്ന നിലയിൽ പൊന്നാനിയുടെ പ്രാധാന്യം വർധിച്ചിരുന്നു. ഭരണ-നീതിന്യായ ആവശ്യങ്ങൾക്കായി വിശാലമായ പ്രദേശങ്ങളിൽനിന്ന് ആളുകൾ പൊന്നാനിയിലെത്തിയിരുന്ന കാലത്തിന്റെ ഓർമ കൂടിയാണ് ഈ കോടതിവളപ്പിനുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ വരെ അക്കാലത്ത് പൊന്നാനിയെ ആശ്രയിച്ചിരുന്നുവെന്ന ചരിത്രപശ്ചാത്തലത്തിൽ കോടതി കെട്ടിടത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഇത് കേവലം ഒരു പഴയ സർക്കാർ കെട്ടിടമല്ലെന്നും പൊന്നാനിയുടെ ഭരണ-നീതിന്യായ ചരിത്രത്തിന്റെ ഭാഗമാണെന്നും പൈതൃകസംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

പുതിയ സമുച്ചയത്തിലേക്ക് മൂന്ന് കോടതികൾ

പൊന്നാനിയിൽ നിർമിക്കുന്ന പുതിയ കോടതി സമുച്ചയം യാഥാർഥ്യമാകുന്നതോടെ നിലവിലെ കോടതികളുടെ പ്രവർത്തനത്തിന് കൂടുതൽ സൗകര്യമൊരുങ്ങും. സിവിൽ, ക്രിമിനൽ കോടതികൾക്കുപുറമെ നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോക്സോ കോടതിക്കും പുതിയ സമുച്ചയത്തിലേക്ക് മാറാനാകും.

നിലവിൽ സ്ഥലപരിമിതി കോടതി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സിവിൽ കോടതികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. മറ്റു ദിവസങ്ങളിൽ ക്രിമിനൽ കോടതിയും പ്രവർത്തിക്കുന്നുണ്ട്. കേസുകളുടെ ബാഹുല്യം വർധിച്ചുവരുമ്പോഴും ആവശ്യമായ സൗകര്യങ്ങളില്ലാത്തത് കോടതി പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

പൊന്നാനി താലൂക്കിൽനിന്ന് കൂടുതൽ പേർ ആശ്രയിക്കുന്ന കുടുംബ കോടതി നിലവിൽ പൊന്നാനിയിലില്ല. തിരൂർ കുടുംബകോടതിയെയാണ് താലൂക്കിലെ ജനങ്ങൾ ആശ്രയിക്കുന്നത്. പുതിയ കോടതി സമുച്ചയം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിൽ കുടുംബകോടതികൂടി അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കോടതി കെട്ടിടം മ്യൂസിയമാക്കാൻ നിർദേശം

പഴയ കോടതി കെട്ടിടത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ പ്രസക്തി നൽകുന്നതാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം തയാറാക്കിയ ‘പൊന്നാനി കോടതി സമുച്ചയത്തിന്റെ കെട്ടിടാവസ്ഥ സംബന്ധിച്ച റിപ്പോർട്ട്’.

ചരിത്രപ്രാധാന്യമുള്ള കെട്ടിടം സംരക്ഷിക്കുകയും പുനരുദ്ധരിക്കുകയും പുതിയ രീതിയിൽ ഉപയോഗപ്പെടുത്തുകയും വേണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. പൊന്നാനിയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന മ്യൂസിയമായി കെട്ടിടത്തെ മാറ്റിയെടുക്കാനുള്ള സാധ്യതയും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പൊന്നാനിക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും ചരിത്രരേഖകൾ പ്രകാരം ദക്ഷിണേന്ത്യയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായിരുന്നു പൊന്നാനിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മലബാറിലെ ചരിത്രപ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങൾ പൈതൃക കെട്ടിടങ്ങളായി സംരക്ഷിക്കുന്ന സാഹചര്യത്തിൽ പൊന്നാനി കോടതി കെട്ടിടത്തിനും സമാനമായ പരിഗണന നൽകണമെന്നാണ് നിർദേശം.

നിലവിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടത്തെ പൈതൃക മ്യൂസിയമാക്കി മാറ്റാമെന്നാണ് റിപ്പോർട്ടിലെ നിർദേശം. പൊന്നാനിയുടെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, രേഖകൾ, ചരിത്രസ്മരണകൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിക്കാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ponnani's Historic Court Faces Demolition Threat Over New Complex Plans
Next Story