Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നാനി കോടതി കെട്ടിട സമുച്ചയം ഓർമയാകുമോ?

text_fields
bookmark_border
40 വർഷം പഴക്കമുള്ള പൈതൃക കെട്ടിടം സംരക്ഷിക്കാനുള്ള പദ്ധതി ത്രിശങ്കുവിൽ
പൊന്നാനി കോടതി കെട്ടിട സമുച്ചയം ഓർമയാകുമോ?
cancel

പൊന്നാനി: പൊന്നാനിയുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന അപൂർവ ശേഷിപ്പുകളിലൊന്നായ പഴയ കോടതി കെട്ടിട സമുച്ചയത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. ഏകദേശം 140 വർഷത്തോളം പഴക്കമുള്ള കെട്ടിടം ബലക്ഷയം നേരിട്ട് തകർച്ചയുടെ വക്കിലാണെന്ന വാദങ്ങൾക്കിടയിലാണ് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതിനിടെ, ഏകദേശം 45 കോടി ചെലവിൽ പുതിയ കോടതി സമുച്ചയം നിർമിക്കാൻ നടപടികൾ പുരോഗമിക്കുന്നതോടെ നിലവിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടം പൊളിച്ചുനീക്കുമോ എന്ന ആശങ്കയും ഉയരുന്നു.

പഴയകാല നിർമാണ മാതൃകയിൽ പണിത ഈ ഇരുനില കെട്ടിടം പൊന്നാനിയുടെ ചരിത്രത്തിന്റെ ഭാഗമായാണ് നാട്ടുകാർ കാണുന്നത്. അതുകൊണ്ടുതന്നെ കെട്ടിടത്തിന്റെ പൗരാണിക തനിമ നിലനിർത്തി പുനരുദ്ധരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു.

പുതിയ കോടതി സമുച്ചയത്തിന് 70 സെന്റ്; പഴയ കെട്ടിടം വഴിമുടക്കുമോ?

നിലവിലെ കോടതി കെട്ടിടം ഉൾപ്പെടുന്ന ഭൂമി ആകെ 80.55 സെന്റാണ്. പുതിയ കോടതി സമുച്ചയം നിർമിക്കാൻ ഇതിൽ 70 സെന്റ് ഭൂമി ആവശ്യമാണ്. നിലവിലെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെടെയാണ് പുതിയ സമുച്ചയത്തിനായി ഈ ഭൂമി വിനിയോഗിക്കാൻ നീക്കം നടക്കുന്നത്. പുതിയ കോടതി സമുച്ചയത്തിനായി ഭൂമി ജുഡീഷ്യൽ വകുപ്പിന്റെ ഉപയോഗത്തിനായി അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുമുണ്ട്. ഇതോടെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനായി നിലവിലെ പുരാതന കെട്ടിടം തന്നെ പൊളിച്ചുനീക്കാനുള്ള സാഹചര്യമാണോ ഒരുങ്ങുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

എന്നാൽ, പഴയ കെട്ടിടത്തോട് പിന്നീട് കൂട്ടിച്ചേർത്ത ഭാഗങ്ങൾ മാത്രം പൊളിച്ചുനീക്കിയാൽ പോലും പുതിയ കെട്ടിടത്തിന് ആവശ്യമായ സ്ഥലം ലഭ്യമാകുമെന്ന വാദവും നിലനിൽക്കുന്നു. അങ്ങനെയിരിക്കെ 70 സെന്റ് ഭൂമിയിൽ തന്നെ കോടതി സമുച്ചയം നിർമിക്കാനുള്ള നീക്കത്തിന്റെ യുക്തി സംബന്ധിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്.

പൈതൃക കെട്ടിടം സംരക്ഷിക്കാൻ റിപ്പോർട്ട്; ചെലവ് 5.64 കോടി

കെട്ടിടത്തിന്റെ ചരിത്രപ്രാധാന്യം പരിഗണിച്ച് അത് പൗരാണിക മാതൃകയിൽ തന്നെ സംരക്ഷിക്കാനുള്ള സാധ്യത നേരത്തെ പരിശോധിച്ചിരുന്നതായാണ് വിവരം. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിർദേശത്തെ തുടർന്ന് 2018ൽ തിരുവനന്തപുരം ചീഫ് ആർക്കിടെക്റ്റിന്റെ ഓഫീസ് കോടതി കെട്ടിട സമുച്ചയത്തിൽ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയിരുന്നു. കെട്ടിടത്തിന്റെ കേടുപാട് പരിഹരിച്ച് പൗരാണിക തനിമ നിലനിർത്തി പുനരുദ്ധരിക്കുന്നതിന് ഏകദേശം 5,64,25,000 രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ടിൽ കണക്കാക്കിയിരുന്നതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷ പരിശോധന നടന്നോ?

കെട്ടിടത്തിന്റെ മേൽക്കൂരക്ക് ഉൾപ്പെടെ കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിലും, കെട്ടിടത്തിന്റെ നിലവിലെ ഫിറ്റ്നസ്, ഘടനാപരമായ സുരക്ഷ, സാങ്കേതിക ബലക്ഷയം എന്നിവ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നു. കെട്ടിടം അപകടാവസ്ഥയിലാണെന്ന വിലയിരുത്തലിന് അടിസ്ഥാനമായ സാങ്കേതിക റിപ്പോർട്ടോ, ഫിറ്റ്നസ് സർട്ടിഫിക്കറ്റോ, ഘടനാപരമായ സുരക്ഷ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ടോ തയാറാക്കിയിട്ടില്ലെന്നാണ് വിവരം. കെട്ടിടത്തിന്റെ യഥാർഥ ബലസ്ഥിതി ശാസ്ത്രീയമായി പരിശോധിക്കാതെ അത് പൊളിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുന്നത് ശരിയാണോ എന്ന ചോദ്യവും ഇതോടെ പ്രസക്തമാകുന്നു.

പൊന്നാനിയുടെ ചരിത്രസാക്ഷ്യം സംരക്ഷിക്കുമോ?

പുതിയ കോടതി സമുച്ചയം ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ, വികസനത്തിന്റെ പേരിൽ പൊന്നാനിയുടെ ചരിത്രപരമായ അടയാളങ്ങളിലൊന്ന് ഇല്ലാതാകരുതെന്നാണ് നാട്ടുകാരുടെയും പൈതൃക സംരക്ഷണ പ്രവർത്തകരുടെയും ആവശ്യം. പുതിയ കോടതി സമുച്ചയത്തിനായി ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനൊപ്പം, നിലവിലുള്ള പൈതൃക കെട്ടിടത്തിന്റെ ഒരു ഭാഗമെങ്കിലും സംരക്ഷിച്ച് നിലനിർത്താനുള്ള സാധ്യത പരിശോധിക്കണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ponnani’s 140-Year-Old Court Building Faces Demolition Threat Amid New Complex Plan
Next Story