പൊന്നാനി ടി.ഐ.യു.പി സ്കൂൾ: അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന് ഹൈടെക്കിലേക്ക്
text_fieldsനവീകരണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ച പൊന്നാനി
ടി.ഐ.യു.പി സ്കൂൾ
പൊന്നാനി: അടച്ചു പൂട്ടൽ ഭീഷണിയിലായിട്ടും സർക്കാർ ഏറ്റെടുക്കാൻ വിസമ്മതിച്ച പൊന്നാനി ടി.ഐ.യു.പി സ്കൂളിന് പുതുജീവൻ. സ്കൂളിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ പ്രമുഖ വ്യവസായിയും അക്ബർ ട്രാവൽസ് എം.ഡിയുമായ കെ.വി. അബ്ദുൾ നാസർ സ്കൂൾ ഏറ്റെടുത്ത് ഹൈടെക് കെട്ടിടം നിർമിച്ച് സ്കൂളിന് പുതിയ കാലത്തേക്ക് നയിക്കുകയാണ്.
111 വർഷത്തെ പാരമ്പര്യമുള്ള എയ്ഡഡ് വിദ്യാലയമായ പൊന്നാനി ടി.ഐ.യു.പി. സ്കൂളിൽ നേരത്തെ 22 ഡിവിഷൻ ഉണ്ടായിരുന്നു. എന്നാൽ സ്ഥല പരിമിതിയും, ഭൗതിക സൗകര്യങ്ങളുടെ കുറവും മൂലം വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഏഴ് ഡിവിഷനായി ചുരുങ്ങുകയും ചെയ്തു. ഡിവിഷൻ നഷ്ടമായതോടെ അധ്യാപകർക്കും മറ്റിടങ്ങളിലേക്ക് പോകേണ്ടി വന്നു. മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കുഞ്ഞഹമ്മദ് കുട്ടി, മുൻമന്ത്രിയും ലോക്സഭാംഗവുമായ ഇ.കെ ഇമ്പിച്ചി ബാവ, മുൻ എം.എൽ.എ വി.പി.സി തങ്ങൾ, ജപ്പാനിൽ ശാസ്ത്രജ്ഞനായ ഡോ. അബ്ദുല്ല ബാവ തുടങ്ങി എണ്ണമറ്റ പ്രതിഭകളെ നാടിന് സംഭാവന ചെയ്ത വിദ്യാലയമാണിത്.
നാട്ടിലെ മറ്റു പൊതു വിദ്യാലയങ്ങളെപ്പോലെ ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തവും ഗതാഗത സംവിധാനങ്ങളുടെ പോരായ്മകളാലും ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നു. ഇതോടെയാണ് സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടത്. ഏഴ് ക്ലാസ് മുറികളുമായി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്. കൂടാതെ മൂന്ന് നിലകളിലായി മറ്റൊരു കെട്ടിടവും ഉയരുന്നുണ്ട്. സ്കൂളിൻറെ നവീകരിച്ച കെട്ടിടത്തിന്റെ പ്രവേശനോദ്ഘാടനം അക്ബർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ.വി. അബ്ദുൾ നാസർ നിർവഹിച്ചു. പി.വി. അയ്യൂബ് അധ്യക്ഷത വഹിച്ചു. പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. ബിന്ദു മുഖ്യാതിഥിയായിരുന്നു. വാസുണ്ണി, റെനി അനിൽ, മുൻ പ്രധാന അധ്യാപകൻ പി.വി. അബ്ദുൽ ഖാദർ, മുൻ അധ്യാപകനും ചരിത്രകാരനുമായ ടി.വി. അബ്ദുറഹ്മാൻകുട്ടി, കെ.എസ്. മുഹമ്മദ് ഇസ്മായിൽ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുല്ലക്കുട്ടി അലിയാസ് കോയ സ്വാഗതവും പി.ടി.എ പ്രസിഡന്റ് എ.എം. ബാദുഷ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

