പൊന്നാനിയിലെ ഇടശ്ശേരി മാവ് ഓർമയിലേക്ക്
text_fieldsപൊന്നാനി എ.വി ഹൈസ്കൂളിലെ ഇടശ്ശേരി മാവിെൻറ കൊമ്പുകൾ മുറിച്ചുമാറ്റിയപ്പോൾ
പൊന്നാനി: കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ ഇടമായിരുന്ന പൊന്നാനി എ.വി ഹൈസ്കൂളിലെ ഇടശ്ശേരി മാവിെൻറ അപകടസ്ഥിതിക്ക് പരിഹാരം കാണാൻ മാവിെൻറ കൊമ്പുകളും ചില്ലകളും മുറിച്ചുമാറ്റി. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള മാവ് മുറിച്ചുമാറ്റുന്നതാണ് ഉചിതമെന്ന് മണ്ണുത്തി കാർഷിക സർവകലാശാലയിലെ സയൻറിസ്റ്റുകളുടെ അഭിപ്രായത്തെത്തുടർന്നാണ് ബലം കുറക്കാൻ കൊമ്പുകൾ മുറിച്ചുനീക്കിയത്.
മരത്തിെൻറ തായ്ത്തടികളും ദ്രവിച്ചുതുടങ്ങിയ നിലയിലാണ്. നൂറോളം വർഷം പ്രായമായ മാവിെൻറ ഇനിയുള്ള നിലനിൽപ് സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും മുറിച്ചുമാറ്റേണ്ടി വരുമെന്നുമാണ് സ്ഥലം സന്ദർശിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. പലതരം ഫംഗസുകൾ ബാധിച്ച് തായ്ത്തടിയുടെ കൂടുതൽ ഭാഗവും ജീവനറ്റു പോയിരിക്കുന്നുവെന്നും ഉടൻ ചില്ലകൾ വെട്ടിമാറ്റി കനം കുറക്കണമെന്നും മണ്ണുത്തി കാർഷിക സർവകലാശാലയിലെ സയൻറിസ്റ്റുകളുടെ അഭിപ്രായത്തെത്തുടർന്നാണ് ആദ്യഘട്ട പ്രവൃത്തികൾ നടത്തിയത്.
ഇവർ നടത്തിയ പഠനത്തിൽ മരം ഏതുനിമിഷവും നിലംപതിക്കുമെന്ന സ്ഥിതിയിലാണ്. ഇതിനാൽ കടഭാഗമുൾപ്പെടെ ആഴ്ചകൾക്കകം മുറിച്ചുമാറ്റും. അതേസമയം, മാവിൽനിന്ന് ശേഖരിച്ച കൊമ്പുകൾ ഉപയോഗിച്ചും ബഡിങ് നടത്തിയും മരത്തെ പുനഃസൃഷ്ടിക്കാനുള്ള നടപടികളും നടത്തുന്നുണ്ട്.

