പൊന്നാനി കോടതി പ്രവർത്തനം താലൂക്ക് ഓഫിസ് സമുച്ചയത്തിലേക്ക്
text_fieldsപൊന്നാനി കോടതി കെട്ടിടം പി. നന്ദകുമാർ എം.എൽ.എ സന്ദർശിക്കുന്നു
പൊന്നാനി: കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ച പൊന്നാനി കോടതി കെട്ടിട സമുച്ചയത്തിൽനിന്ന് കോടതി പ്രവർത്തനം താലൂക്ക് ഓഫിസ് സമുച്ചയത്തിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പി. നന്ദകുമാർ എം.എൽ.എ നിലവിലെ കോടതി കെട്ടിടവും താലൂക്ക് ഓഫിസ് കെട്ടിടവും സന്ദർശിച്ചു.
നിലവിലെ കോടതി സമുച്ചയം നിലനിർത്തി ഇതിന് പിറകിലെ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ റവന്യൂ വകുപ്പിനോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം വിട്ടുകിട്ടിയാൽ കൂടുതൽ സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കാനാണ് തീരുമാനം. അതുവരെ താൽക്കാലികമായി താലൂക്ക് ഓഫിസ് കോമ്പൗണ്ടിൽ അറ്റകുറ്റപ്പണി നടത്തിയ കെട്ടിടത്തിൽ കോടതി പ്രവർത്തിക്കും.
സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന ദേശീയപാത സ്ഥലമെടുപ്പ് ഓഫിസ് പ്രവർത്തനം നിർത്തലാക്കിയതോടെ ഒഴിവുവന്ന രണ്ട് വലിയ ഓഫിസുകളിൽകൂടി കോടതി പ്രവർത്തിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വില്ലേജ് ഓഫിസ് പൊളിച്ചാൽ ഈ സ്ഥലം ഉപയോഗപ്പെടുത്തേണ്ടി വരുമെന്നതിനാൽ കോടതിക്കായി ഈ ഓഫിസുകൾ നൽകാൻ സാധ്യത കുറവാണ്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽനിന്ന് ഓഫിസുകൾ ഓരോന്നായി മാറിയതിന് പിറകെയാണ് കോടതിയും പ്രവർത്തനം മാറ്റാൻ തീരുമാനിക്കുന്നത്.

