പൊന്നാനിയിൽ ഒറ്റ നമ്പർ, എഴുത്ത് ലോട്ടറി വ്യാപകം
text_fieldsപൊന്നാനി: പൊന്നാനിയിൽ ഒറ്റ നമ്പർ ലോട്ടറിയും എഴുത്ത് ലോട്ടറിയും വ്യാപകമാവുന്നു. സാധാരണ ലോട്ടറിയേക്കാൾ പണം ലഭിക്കാനുള്ള സാധ്യത കൂടുതൽ എന്നതിനാലാണ് അനധികൃത ലോട്ടറി ഇടപാടുകൾ വർധിക്കുന്നത്. ഒന്നാം സമ്മാന നമ്പർ പ്രവചിച്ച എഴുത്തു ലോട്ടറിക്കാരന് ലഭിക്കുന്നത് അയ്യായിരം രൂപവരെയാണ്. പത്തു രൂപയാണ് ഊഹിച്ചെഴുതുന്ന എഴുത്തു ലോട്ടറിയുടെ ചെലവ്.
പത്തെണ്ണം വരെ നമ്പർ എഴുതുന്നവരാണ് ഇടപാടുകാരിലധികവും. അങ്ങനെ വരുമ്പോൾ നൂറുരൂപ. അടിച്ചാൽ അമ്പതിനായിരം രൂപ. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്കം വച്ചുള്ള ഈ കളി മേഖലയിൽ വർധിക്കുന്ന സാഹചര്യമാണ്.
ഇതര സംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽപന ചെയ്യുന്നത് നിരോധിച്ചതോടെയാണ് എഴുത്തു ലോട്ടറിക്ക് പ്രചാരമേറിയത്. ആളുകൾ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പറുകൾ രേഖപ്പെടുത്തി ഒരു നമ്പറിന് 20 രൂപ വീതം ഈടാക്കും.
അതത് ദിവസത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുകൾ ഒത്തുനോക്കിയാണ് പണം നൽകുന്നത്. ഒന്നാം സമ്മാനമായി ഒരു ടിക്കറ്റിന് 8000 രൂപയും രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 250 രൂപയും ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി.
മൊബൈൽ ആപ്പ് നിർമിച്ചാണ് എഴുത്ത് ലോട്ടറി ലോബിയുടെ പ്രവർത്തനം. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലും എഴുത്ത് ലോട്ടറി വിൽപന നടത്തുന്നതായാണ് വിവരം.
പൊന്നാനി തീരദേശ മേഖലയിൽ ഒറ്റ നമ്പർ ലോട്ടറി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ പരിശോധനകളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പൊന്നാനി താലൂക്ക് വികസന സമിതി യോഗത്തിൽ ഐ.എൻ. എൽ സംസ്ഥാന സെക്രട്ടറി ഒ.ഒ. ഷംസു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

