പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
text_fieldsഅപകടത്തിൽ തകർന്ന ഫൈബർ വള്ളം
പൊന്നാനി: പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നതിനിടെ ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മരക്കടവ് സ്വദേശി കബീറിനെയാണ് കാണാതായത്.
വള്ളത്തിൽ കൂടെയുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ അശ്റഫ്, ഹംസ, റഹീം എന്നിവർ നീന്തി രക്ഷപ്പെട്ടു.
പൊന്നാനി സ്വദേശി മുജീബിെൻറ ഉടമസ്ഥതയിലുള്ള നൂറുൽ ഹുദ വള്ളമാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പടിഞ്ഞാറെക്കര ഭാഗത്തായിരുന്നു അപകടം.
ശക്തമായ തിരയിൽ വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. നാലുപേരും നീന്തിയെങ്കിലും കബീറിനെ കാണാതാവുകയായിരുന്നു. മറ്റുള്ളവർ പടിഞ്ഞാറെക്കര നായർ തോട് ഭാഗത്താണ് നീന്തിക്കയറിയത്. മൂവരെയും തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹംസയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ രാത്രി കബീറിനായുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായി.

