പൊന്നാനിയിൽ പുതിയ കോടതി; കെട്ടിടസമുച്ചയം യാഥാർഥ്യത്തിലേക്ക്
text_fieldsപൊന്നാനി പഴയ കോടതി കെട്ടിട സമുച്ചയം
പൊന്നാനി: പരിമിതികളുടെ നടുവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി കോടതിക്ക് സ്വന്തം കെട്ടിടമെന്ന ആവശ്യം യാഥാർഥ്യത്തിലേക്ക്. നേരത്തെ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിട സമുച്ചയ ഭൂമിയിലാണ് പുതിയ കെട്ടിടം നിർമിക്കുക. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പഴയ കോടതി സമുച്ചയം നിന്നിരുന്ന സ്ഥലം ജുഡീഷ്യറി ഡിപ്പാർട്ട്മെന്റിന് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് കെ.പി. നൗഷാദലി എം.എൽ.എ പറഞ്ഞു.
ഈ സ്ഥലം ജുഡീഷ്യറി ഡിപ്പാർട്ട്മെൻറിന് വിട്ടുകിട്ടിയാലുടൻ ഇവിടെ പുതിയ കെട്ടിടം നിർമിക്കാനാണ് ആലോചന. പഴയ കെട്ടിടം ജീർണാവസ്ഥയിലായതിനെത്തുടർന്ന് കോടതി പ്രവർത്തനം താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. സ്ഥലപരിമിതി മൂലം ഏറെ പ്രയാസമാണ് ഇവിടെയുള്ളത്.
അതേസമയം, ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി പൗരാണിക മാതൃകയെന്ന നിലയിൽ നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഈ കെട്ടിടത്തിലുണ്ടായിരുന്ന പൊന്നാനി കോടതി, ഫിഷറീസ് ഓഫിസ്, ട്രഷറി, സബ് രജിസ്ട്രാർ ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ് തുടങ്ങിയവ നിലവിൽ താൽക്കാലിക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പുതിയ കോടതി സമുച്ചയം യാഥാർഥ്യമാകുമ്പോൾ ഈ ഓഫിസുകളെല്ലാം ഇങ്ങോട്ടുതന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

