ദേശീയപാതയിൽ പൊന്നാനിയില്ല !
text_fieldsപൊന്നാനി ദേശീയപാതയിൽ ചമ്രവട്ടം ജങ്ഷനിൽ തെറ്റായി സ്ഥാപിച്ച ചമ്രവട്ടം എന്ന ബോർഡ്
പൊന്നാനി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ എവിടെയും പൊന്നാനിയെന്ന സൂചന ബോർഡില്ലാത്തത് യാത്രക്കാരെ വലക്കുന്നു. പൊന്നാനിയിലേക്ക് എത്തേണ്ട ദീർഘദൂര യാത്രക്കാർക്ക് പൊന്നാനി എവിടെയെന്ന് തിരിച്ചറിയുന്നതിനുള്ള സൂചന ബോർഡുകൾ എവിടെയുമില്ല. ചമ്രവട്ടം ജങ്ഷനിലെ ഓവർ ബ്രിഡ്ജ് അവസാനിക്കുന്നയിടങ്ങളിലെ എക്സിറ്റ് ഭാഗത്ത് ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.
അതേസമയം, പലയിടങ്ങളിലും വ്യത്യസ്ഥ സ്ഥല പേരുകൾ മാറിയാണ് ബോർഡ് സ്ഥാപിച്ചത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ചമ്രവട്ടം എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. യഥാർഥത്തിൽ ‘ചമ്രവട്ടം ജങ്ഷൻ’എന്നതാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പൊന്നാനിയിലെ പ്രധാന ജങ്ഷനാണിത്. ‘ചമ്രവട്ടം’എന്ന സ്ഥലം തിരൂർ താലൂക്കിൽ ചമ്രവട്ടം പാലത്തിനടുത്താണ്.
ചമ്രവട്ടം ജങ്ഷനിൽനിന്ന് ചമ്രവട്ടത്തെത്താൻ ഏഴ് കിലോ മീറ്ററോളം സഞ്ചരിക്കണം. ബോർഡ് നീക്കി യഥാർഥ പേരിലുള്ള ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ദേശീയ പാതാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

