മുൻധാരണ വേണ്ട; പെരിന്തൽമണ്ണ ബ്ലോക്കിൽ പകുതി ഡിവിഷനുകളിലും കനത്ത പോര്
text_fieldsപെരിന്തൽമണ്ണ: ത്രിതല പഞ്ചായത്തിൽ കാര്യമായി എണ്ണിപ്പറയാത്തവയാണ് ബ്ലോക്ക് പഞ്ചായത്തുകളെന്നാണ് വെപ്പ്. സർക്കാർ നൽകുന്ന വാർഷിക വിഹിതം നന്നേ കുറവ്. സ്വന്തമായി പേരിനുപോലും വരുമാനമില്ലാത്തത് വരുത്തുന്നത് വലിയ ഞെരുക്കവും. ഗ്രാമ, ജില്ല പഞ്ചായത്ത് സ്ഥാനാർഥികളുടെ മത്സരഗോദയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല ബ്ലോക്ക് മത്സരം.
എന്നാൽ ഇത്തവണ പെരിന്തൽമണ്ണ ബ്ലോക്കിൽ 19ൽ 10ഡിവിഷനകളിലും പൊടിപാറുന്ന മത്സരമാണ്. പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ വെട്ടത്തൂർ, താഴേക്കോട്, ഏലംകുളം, ആലിപ്പറമ്പ്, പുലാമന്തോൾ എന്നീ പഞ്ചായത്തുകളും മണ്ഡലത്തിന് പുറത്തുള്ള കീഴാറ്റൂർ, അങ്ങാടിപ്പുറം പഞ്ചായത്തുകളുമടക്കം ഏഴു ഗ്രാമപഞ്ചായത്തുകളിലാണ് 19 ഡിവിഷനുകൾ. ഒരു ഡിവിഷൻ ശരാശരി ഒമ്പത് ഗ്രാമ പഞ്ചായത്ത് വാർഡുകളാണ്. ചിലതിൽ പത്തും വരും. പാരമ്പര്യമായി യു.ഡി.എഫിനാണ് പെരിന്തൽമണ്ണ ബ്ലോക്ക് ഭരണം.
പ്രതീക്ഷ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ
പെരിന്തൽമണ്ണ ബ്ലോക്കിലെ രണ്ടും മങ്കട ബ്ലോക്കിലെ മൂന്നും വില്ലേജുകളിൽ 2020 മുതൽ അഞ്ചു വർഷം നടപ്പാക്കിയ പ്രധാൻമന്ത്രി കൃഷി സഞ്ചായ് യോജന (പി.എം.കെ.എസ്.വൈ) വഴി 13 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത നീർത്തട വികസനം പെരിന്തൽമണ്ണയിൽ നടപ്പാക്കിയിരുന്നു. കീഴാറ്റൂർ, അങ്ങാടിപ്പുറം, മക്കരപറമ്പ്, മങ്കട, പുഴക്കാട്ടിരി വില്ലേജുകളിലാണിത് ചെലവിട്ടത്.
അഡ്വ. എ.കെ. മുസ്തഫ പ്രസിഡന്റും വനജ കുന്നംകുലത്ത് ഉപാധ്യക്ഷയുമായ ഭരണസമിതിയായിരുന്നു ഇവിടെ. ബ്ലോക്ക് വിഹിതം കൂടി ചെലവിട്ട് മുൻ വർഷങ്ങളിൽ നടപ്പാക്കിയ കലാപഠനം, അവയുടെ അരങ്ങേറ്റങ്ങൾ ഉള്ള വിഹിതം എല്ലാ മേഖലയിലേക്കും അനുവദിക്കാൻ നടത്തിയ ശ്രമങ്ങൾ എല്ലാം ബ്ലോക്ക് പഞ്ചായത്തിന്റെ നേട്ടങ്ങളാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണമാണ് ബ്ലോക്ക് പഞ്ചായത്തുകളിൽ നേരത്തെയും ഇപ്പോഴും നടക്കുന്നത്.
ചിലയിടം പ്രവചനാതീതം; മൂന്നുപേർ രണ്ടാം അങ്കത്തിന്
പെരിന്തൽമണ്ണ ബ്ലോക്കിൽ അധ്യക്ഷസ്ഥാനം ഇത്തവണ വനിതക്കാണ്. മുൻ ഭരണസമിതിയിലെ മൂന്നു പേർ വീണ്ടും മത്സരിക്കുണ്ട്. തിരൂർക്കാട് ഡിവിഷനിൽ അഡ്വ. നജ്മ തബ്ഷീറ, താഴേക്കോട് ഡിവിഷനിൽ പ്രബീന ഹബീബ് എന്നിവർ യു.ഡി.എഫ് സ്ഥാനാർഥികളായും നേരത്തേ ആനമങ്ങാട് ഡിവിഷൻ അംഗമായിരുന്ന ഗിരിജ ടീച്ചർ തൂത ഡിവിഷനിലും മത്സരിക്കുന്നുണ്ട്. യുവ കോൺഗ്രസ് പ്രതിനിധികളായി സി.കെ. ഹാരിസ് ആനമങ്ങാട് ഡിവിഷനിൽ സി.പി.എമ്മിലെ ഹനീഫ വള്ളൂരാനെതിരെയാണ് മത്സരിക്കുന്നത്.
പുലാമന്തോൾ ഡിവിഷനിൽ യൂത്ത് കോൺഗ്രസിലെ ഷാജി കട്ടുപ്പാറയും സി.പി.എമ്മിലെ സന്ദീപ് പാലനാടുമാണ് മത്സരം. മുൻ താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ കെ.പി. സോഫിയയും മുസ്‍ലിം ലീഗിലെ പ്രബീന ഹബീബും തമ്മിലാണ് താഴേക്കോട് ഡിവിഷനിൽ. ശ്രദ്ധേയ ഡിവിഷനുകളിലൊന്നാണ് അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം. ഇവിടെ ലീഗ് സ്ഥാനാർഥിയെ നിശ്ചയിച്ച ശേഷം ഡിവിഷൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയതാണ്. മുൻ ബ്ലോക്ക് അംഗം പി. അബ്ദുൽ അസീസിന്റെ ഭാര്യ ഇഫ്ര മോളാണ് കീഴാറ്റൂരിൽ ബ്ലോക്ക് സ്ഥാനാർഥി.
അടിമുടി മാറി ഡിവിഷനുകൾ
നേരത്തേ 17 ഡിവിഷനുകളായിരുന്നു. തൂത, വലമ്പൂർ എന്നീ ഡിവിഷനുകൾ വർധിച്ചു. ഡിവിഷനുകൾ പുനർവിഭജനം നടന്നതിനാൽ അടിമുടി മാറി. മുൻധാരണയോടെ ബ്ലോക്ക് ഡിവിഷനുകളെ കാണാനാവില്ല. മേലാറ്റൂർ, ആനമങ്ങാട്, ഏലംകുളം, പുലാമന്തോൾ, കുരുവമ്പലം, അങ്ങാടിപ്പുറം ഡിവിഷനുകളാണ് എൽ.ഡി.എഫ് പ്രതിനിധീകരിക്കുന്നത്. ചെമ്മാണിയോട്, കാര്യവട്ടം, അരക്കുപറമ്പ്, താഴേക്കോട്, ആലിപ്പറമ്പ്, കുന്നക്കാവ്, തിരൂർക്കാട്, പട്ടിക്കാട് എന്നിങ്ങനെ എട്ടിടത്ത് ലീഗും നെൻമിനി, വെട്ടത്തൂർ എന്നിവിടങ്ങളിൽ കോൺഗ്രസും പരിയാപുരത്ത് കേരള കോൺഗ്രസും പ്രതിനിധീകരിക്കുന്നു. ഒമ്പതും പത്തും പഞ്ചായത്ത് വാർഡുകൾ ചേർന്ന ബ്ലോക്ക് ഡിവിഷനിൽ ഒരു തവണ മിക്കവരും വീടുകൾ കയറി. ഗ്രാമപഞ്ചായത്ത് സ്ഥാനാർഥിമാരോടൊപ്പമാണ് പ്രചാരണം.
നിലവിലെ കക്ഷിനില
ആകെ ഡിവിഷൻ- 17
മുസ്‍ലിം ലീഗ് എട്ട്-
കോൺഗ്രസ്- രണ്ട്
കേരള കോൺഗ്രസ്- ഒന്ന്
സി.പി.എം- ആറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

