കാറിൽ കൊണ്ടുവന്ന 4500 പാക്കറ്റ് ഹാൻസ് പിടികൂടി
text_fieldsപെരിന്തല്‍മണ്ണ: കാറില്‍ കൊണ്ടുവന്ന 4500 പാക്കറ്റ് നിരോധിത ഹാന്‍സ് ഉൽപന്നങ്ങൾ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. സംഭവത്തിൽ വയനാട് റിപ്പണ്‍ കടച്ചിക്കുന്ന് സ്വദേശികളായ പൂന്തിരിച്ചി റിയാസ് (35), നാദാപുരം വീട്ടില്‍ നൗഷാദ് (41), കോഴിക്കോട് കൊടുവളളി സ്വദേശി പുളിവാറക്കല് താഹിര്കോയ തങ്ങള്‍ (25) എന്നിവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.
പെരിന്തല്‍മണ്ണ എസ്.ഐ ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപ്പാസ് ജങ്ഷനില്‍നിന്ന് തിങ്കളാഴ്ച ഉച്ചയോടെ ഹാന്‍സ് പിടിച്ചത്. ആറ് ചാക്കുകളിലായി കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ്. വയനാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയില്‍ വില്പനക്കായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒമാരായ അഷ്റഫ്, കൃഷ്ണപ്രസാദ്, ജയേഷ്, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

