Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightതിരൂരങ്ങാടി എന്ന...

തിരൂരങ്ങാടി എന്ന വി.ഐ.പി മണ്ഡലം

text_fields
bookmark_border
തിരൂരങ്ങാടി എന്ന വി.ഐ.പി മണ്ഡലം
cancel

പരപ്പനങ്ങാടി: മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, തദ്ദേശം, ഫിഷറീസ്, പൊതുമരാമത്ത് തുടങ്ങി പദവികൾക്കും വകുപ്പുകൾക്കും അധികാര അമരത്വമേകിയ മണ്ഡലമാണ് തിരൂരങ്ങാടി. അതുകൊണ്ടുതന്നെ തിരൂരങ്ങാടി എന്നും വി.ഐ.പി മണ്ഡലമാണ്. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകൾ, എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണക്ലാരി പഞ്ചായത്തുകൾ എന്നിവ ചേർന്ന മണ്ഡലമാണ്, തിരൂരങ്ങാടി. പൊന്നാനി ലോക്സഭ മണ്ഡലത്തിലാണ് തിരൂരങ്ങാടി ഉൾപ്പെടുന്നത്.

മത്സരിച്ച രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും മന്ത്രിക്കസേരയിലിരുന്ന അപൂർവതകൂടിയുണ്ട് ഈ മണ്ഡലത്തിന്. ഇവരിൽ ഒരാൾ മുഖ്യമന്ത്രിയും മറ്റൊരാൾ, ഉപമുഖ്യമന്ത്രിയുമായി.

1965 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ യു.ഡി.എഫ് നേതാവ് എ.കെ. ആൻറണി മാത്രമാണ് ലീഗ് സ്ഥാനാർഥികളല്ലാത്ത ഒരാൾ ഇവിടെനിന്നും ജയിച്ചത്‌. 1995ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച എ.കെ. ആൻറണി 22,259 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1957 മുതൽ ഒരു ഉപതെരഞ്ഞെടുപ്പടക്കം 16 തവണയാണ് തിരൂരങ്ങാടിയിൽ വോട്ടെടുപ്പ് നടന്നത്.

അവുക്കാദർകുട്ടി നഹ, സി.പി. കുഞ്ഞാലിക്കുട്ടി കേയി, യു.എ. ബീരാൻ, എ.കെ. ആൻറണി, കെ. കുട്ടി അഹമ്മദ് കുട്ടി, പി.കെ. അബ്ദുറബ്ബ്, കെ.പി.എ. മജീദ് എന്നീ ഏഴു പേരാണ് ഈ കാലയളവിൽ െതരഞ്ഞെടുക്കപ്പെട്ടത്. 1987ലെ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് ജയിച്ച സി.പി. കുഞ്ഞാലിക്കുട്ടി കേയിക്കും 2021ൽ ജയിച്ച കെ.പി.എ. മജീദിനും മാത്രമാണ് മന്ത്രിക്കസേരയിൽ ഇരിക്കാനാകാതെപോയത്. മറ്റെല്ലാവരും ഒരു തവണയെങ്കിലും മന്ത്രിയായവരാണ്.

1957 മുതൽ 1982 വരെ തിരൂരങ്ങാടി മണ്ഡലത്തിലെ ജനപ്രതിനിധി കെ. അവുക്കാദർകുട്ടി നഹയായിരുന്നു. എട്ടുതവണ നിയമസഭയിലെത്തിയ നഹ നാലുതവണയും മന്ത്രിയായി. ആദ്യമായി മന്ത്രിയായത് 1967ൽ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ പഞ്ചായത്ത്-സാമൂഹിക സേവനവകുപ്പ് കൈകാര്യംചെയ്താണ്. 1970ലെ സി. അച്യുതമേനോൻ നയിച്ച മന്ത്രിസഭയിൽ ഭക്ഷ്യ-തദ്ദേശ വകുപ്പ് മന്ത്രിയായി.

പിന്നീട് 1977ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ തദ്ദേശവകുപ്പാണ് കൈകാര്യംചെയ്തത്. 1982ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ മരിച്ചപ്പോഴാണ് നഹ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായത്.

1991ൽ തിരൂരങ്ങാടിയിൽ മത്സരിച്ച യു.എ. ബീരാൻ 1982ൽ തിരൂരിൽനിന്ന് ജയിച്ച് മന്ത്രിയായിരുന്നു. 1996ൽ ഐ.എസ്.ആർ.ഒ ചാരക്കേസിനെത്തുടർന്ന് കെ. കരുണാകരൻ രാജിവെച്ചപ്പോൾ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത് ആൻറണി ജനവിധി തേടിയത് തിരൂരങ്ങാടിയിൽനിന്നാണെന്നത് മറ്റൊരു ചരിത്രം.

ലീഗിൽ നിന്ന് രാജിവെച്ച് ഐ.എൻ.എല്ലിലേക്ക് മാറിയ യു.എ. ബീരാൻ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെയാണ് ആൻറണിക്ക് തിരൂരങ്ങാടിയിൽ മത്സരിക്കാൻ കളമൊരുങ്ങിയത്. ആൻറണിയിലൂടെ തിരൂരങ്ങാടി ഒരുതവണ മുഖ്യമന്ത്രി മണ്ഡലവുമായി. പിന്നീട് 1996, 2001, 2006 എന്നീ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കെ. കുട്ടി അഹമ്മദ് കുട്ടി തിരൂരങ്ങാടിയിൽനിന്ന് നിയമസഭയിലെത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആൻറണി രാജിവച്ചപ്പോൾ 2004ൽ രൂപംകൊണ്ട ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കുറഞ്ഞ കാലം പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി. നിലവിലെ എം.എൽ.എയായ പി.കെ. അബ്ദുറബ്ബ് 2016ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായി. ലീഗിന് ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലത്തിൽ ഇടതുപക്ഷത്തിനു വിജയം എന്നും ബാലികേറാമലയായിരുന്നു. ഈ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥികളാണ് എൽ.ഡി.എഫിൽ മത്സരിക്കുന്നത്.

2011ൽ പി.കെ അബ്ദുറബ്ബ് 36,000 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ 2016ൽ ഭൂരിപക്ഷം 6043ലേക്ക് താഴ്ന്നു. അബ്ദുറബ്ബിനെതിരെ യുവ വ്യവസായി നിയാസ് പുളിക്കലകത്തായിരുന്നു മത്സരിച്ചത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയാസ് പുളിക്കലകത്ത് അധ്യക്ഷനായി പരപ്പനങ്ങാടിയിൽ രൂപവത്കൃതമായ ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ തുടർപ്രതിഫലനമാണ് അസംബ്ലി തെരഞ്ഞെടുപ്പിൽ ഉണ്ടായത്.

ആരാവും ഗോദയിൽ

ഇത്തവണ ലീഗിന്റെ മത്സര സാധ്യത ലിസ്റ്റിൽ കെ.എം.സി.സി നേതാവും മുൻ ഉപമുഖ്യമന്ത്രി അവ്വുക്കാദൽ കുട്ടി നഹയുടെ പുത്രനുമായ അൻവർ നഹക്കാണ് പ്രാമുഖ്യം. വനിത ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്റ മമ്പാടിന്റെ പേരും പറഞ്ഞുകേൾക്കുന്നു. ലീഗിൽനിന്നും മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന അധ്യക്ഷൻ ഉമ്മർ ഒട്ടുമ്മൽ എന്നിവരുടെ പേരുകളും പറയുന്നുണ്ടെങ്കിലും ഇവർ പരിഗണിക്കപ്പെടാൻ സാധ്യത കുറവാണ്.

എൽ.ഡി.എഫിൽ സി.പി.ഐയുടെതാണ് തിരൂരങ്ങാടി സീറ്റ്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടിയുടെ പേരാണ് പാർട്ടി മണ്ഡലം കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന നിയാസ് പുളിക്കലകത്ത് ഇത്തവണ മത്സരത്തിനില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tirurangadielection
News Summary - Tirurangadi: A VIP Constituency
Next Story