പച്ചക്കൊടിക്കൊപ്പം മഞ്ചേരിയുടെ മനസ്സ്
text_fieldsമഞ്ചേരി: മഞ്ചേരി മണ്ഡലത്തിന്‍റെ മനസ്സ് എന്നും മുസ്‍ലിം ലീഗിനൊപ്പമാണ്. നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഈ മഞ്ചേരിക്കോട്ടയിൽ ഇതുവരെ വിള്ളൽ വീണിട്ടില്ല. ‘കോണി’യുമായി വരുന്നവരെയെല്ലാം വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് പറഞ്ഞയക്കുന്നതാണ് മഞ്ചേരിയുടെ ശീലം.
മഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭ മണ്ഡലം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലും വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തിയതോടെ ഈ പ്രകടനം നിയമസഭ തെരഞ്ഞെടുപ്പിലും തുടരാനാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്ക് കൂട്ടൽ. 1957ലും 1960ലും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.പി. ഉമ്മർകോയയാണ് വിജയിച്ചത്. 1967ൽ ലീഗിലെ എം. ചടയൻ വിജയിച്ചു. പിന്നീട് മണ്ഡലം ലീഗിനെ കൈവിട്ടിട്ടില്ല.
1977ൽ എം.പി.എം. അബ്ദുല്ല കുരിക്കൾ മഞ്ചേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1980ലും 82ലും സി.എച്ച്. മുഹമ്മദ് കോയ വിജയിച്ചു. പിന്നീട് തുടർച്ചയായി അഞ്ച് തവണ ഇസ്ഹാഖ് കുരിക്കൾ സഭയിലെത്തി. ഓരോ തവണയും ഭൂരിപക്ഷം വർധിച്ചു. 2001ൽ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമായ 34,596 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇസ്ഹാഖ് കുരിക്കൾ വിജയിച്ചത്. 2006ൽ പി.കെ. അബ്ദുറബ്ബും 2011ലും 2016ലും അഡ്വ.എം. ഉമ്മറും മഞ്ചേരിയുടെ ജനപ്രതിനിധികളായി. 2011 ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ലീഗിന്‍റെ ഭൂരിപക്ഷം കുറഞ്ഞുവരുന്ന സ്ഥിതിയാണ്.
2016ൽ ലീഗ് സ്ഥാനാർഥി എം. ഉമ്മറിന് 69,779 വോട്ട് ലഭിച്ചു. സി.പി.ഐ സ്ഥാനാർഥി അഡ്വ. കെ. മോഹൻദാസിന് 50163 വോട്ട് ലഭിച്ചു. 19616 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന് നേടാനായത്. 2021ലെ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ അഡ്വ. യു.എ. ലത്തീഫ് 78836 വോട്ട് നേടി. എതിർസ്ഥാനാർഥിയായ സി.പി.ഐയിലെ നാസർ ഡിബോണ 64263 വോട്ടും എൻ.ഡി.എ സ്ഥാനാർഥി പി.ആർ. രശ്മിൽനാഥ് 11350 വോട്ടും നേടി.
14,573 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അഡ്വ. യു.എ. ലത്തീഫ് വിജയിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിലെ ആധിപത്യം യു.ഡി.എഫിന് നിലനിർത്താനായാൽ മണ്ഡലം സുരക്ഷിതമായി ലീഗിന്‍റെ കൈയിലിരിക്കും. മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം വോട്ടാണ് യു.ഡി.എഫ് നേടിയത്. എൽ.ഡി.എഫിനാകട്ടെ 69111 വോട്ടുകളാണ് ലഭിച്ചത്. മണ്ഡലത്തിൽ ചെങ്കൊടി പാറിക്കാൻ എൽ.ഡി.എഫും കരുത്തുകാട്ടാൻ എൻ.ഡി.എയും പോരാട്ടം കടുപ്പിക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

