പൊന്നാനിയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു
text_fieldsപൊന്നാനി: സുരക്ഷിതത്വവും സംരക്ഷണവും ഉൾക്കൊള്ളുന്ന സ്വന്തമായ കിടപ്പാടം ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പൊന്നാനി മണ്ഡലത്തിലെ നിലവിലെ പട്ടയ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണാൻ തീരുമാനിച്ചതായി പി. നന്ദകുമാർ എം.എൽ.എ. ബ്രിട്ടീഷുകാരുടെ കാലത്തെ സർവേ നടത്താത്ത പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള ഭൂമിയിലാണ് പട്ടയപ്രശ്നങ്ങൾ നിലനിൽക്കുന്നത്. കടലോര മേഖലയിലും പുഴ പുറമ്പോക്കിലും താമസിക്കുന്നവർ ഇതിലുൾപ്പെടും.
കൂടാതെ പഴയകാലത്ത് കുടികിടപ്പവകാശം കൊടുത്ത ഭൂമിയിൽനിന്ന് പിന്നീട് മാറി താമസിച്ച കുടുംബങ്ങളും ഇതിലുൾപ്പെടുന്നുണ്ട്. പുഴ പുറമ്പോക്കിൽ 126 കുടുംബങ്ങളാണ് താമസിക്കുന്നത്. റവന്യൂ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സമയബന്ധിതമായി സെപ്റ്റംബറോടെ നടപടികൾ പൂർത്തിയാക്കി ഒക്ടോബർ ആദ്യവാരത്തിൽ മൂന്നു വിഭാഗത്തിലും പെടുന്ന നാനൂറോളം വരുന്ന പട്ടയങ്ങൾ വിതരണം ചെയ്യാനാണ് തീരുമാനം.
കൂടാതെ കായൽ പുറമ്പോക്കിൽ ദശകങ്ങളായി കൃഷി ചെയ്യുന്ന കർഷകർക്ക് തുച്ഛമായ രീതിയിൽ ലീസ് നൽകി കൃഷി ഭൂമിയുടെ അവകാശികളാക്കുന്ന പദ്ധതിയും നടപ്പാക്കാൻ തീരുമാനിക്കുന്നുണ്ട്. പൊന്നാനിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പൊന്നാനി വളവിൽനിന്ന് കൊല്ലൻപടിയിലേക്കുള്ള ബൈപാസ് റോഡിന്റെ നിർമാണം ഒക്ടോബർ മാസത്തിൽ പൂർത്തീകരിക്കും. മൂന്നേകാൽ കോടി രൂപ ഫണ്ട് വകയിരുത്തിയാണ് ബൈപാസ് റോഡിന്റെ നിർമ്മാണം നടക്കുന്നതെന്നും എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

