നിരത്തിലോടുന്നത് ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ ബസുകൾ
text_fieldsജില്ല എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയ ഫിറ്റ്നസില്ലാത്ത സ്കൂൾ ബസുകളുടെ വിവിധ ഭാഗങ്ങൾ
കോട്ടക്കൽ: ഫിറ്റ്നസ് ഇല്ലാതെ, കുട്ടികളുമായി സർവിസ് നടത്തിയ സ്കൂൾ ബസുകൾക്കെതിരെ നടപടി. മോട്ടോർ വാഹന വകുപ്പ് ജില്ല എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 40 സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 33 ബസുകൾക്കെതിരെയാണ് നടപടിയടുത്തത്.
58000 രൂപ സ്കൂളുകൾക്ക് പിഴയിട്ടു. മലപ്പുറം, പൂക്കോട്ടൂർ, വള്ളുവമ്പ്രം, മഞ്ചേരി, മോങ്ങം എന്നീ സ്ഥലങ്ങളിലായിരുന്നു പരിശോധന. പൂക്കോട്ടൂരിൽനിന്ന് ഫിറ്റ്നസ് ഇല്ലാതെ സർവിസ് നടത്തിയ സ്കൂൾ ബസ് പിടിച്ചെടുത്തു. ഈ ബസിലെ കുട്ടികളെ മറ്റൊരു ബസിൽ വീട്ടിലെത്തിച്ചു. ഫസ്റ്റ് എയ്ഡ് ബോക്സ്, കാലാവധി തീർന്ന മരുന്നുകൾ, എമർജൻസി എക്സിറ്റ് തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതായിരുന്നു നടപടിയെടുത്ത ബസുകളിലധികവും.
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സർവിസ് നടത്തുന്ന സ്കൂൾ ബസുകൾക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ പറഞ്ഞു. എം.വി.ഐമാരായ ബിനോയ് കുമാർ, പ്രമോദ് ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ ഷൂജ മാട്ടട, എബിൻ ചാക്കോ, എൻ. പ്രേംകുമാർ, എസ്.ജി. ജെസ്സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

