അര്‍ഹതക്ക് അംഗീകാരമായി ടി.പി. അബ്ബാസിന് അക്കാദമി പുരസ്കാരം
text_fieldsടി.പി. അബ്ബാസ്
കൊണ്ടോട്ടി: തനത് മാപ്പിളകലകളുടെ പ്രചാരവും സംരക്ഷണവും ജീവചര്യയാക്കിയ ടി.പി. അബ്ബാസിന് അര്‍ഹതക്കുള്ള അംഗീകാരമായി സംസ്ഥാന ഫോക് ലോര്‍ അക്കാദമിയുടെ പുരസ്കാരം. മാപ്പിളപ്പാട്ട് ഗായകന്, മാപ്പിളകല പരിശീലകന്, മത്സര വേദികളിലെ വിധികര്‍ത്താവ് എന്നീ നിലകളില്‍ പ്രസിദ്ധനാണ് കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയായ ടി.പി. അബ്ബാസ്. മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട് തുടങ്ങിയ മാപ്പിള കലകള്‍ തനത് രൂപത്തില്‍ നിലനിര്‍ത്തണമെന്ന വാദത്തില്‍ ഉറച്ചുനിന്ന് അബ്ബാസ് എഴുതിയ ലേഖനങ്ങള്‍ ശ്രദ്ധേയമാണ്.
മാപ്പിളകലകളുടെ രചന, ശൈലി എന്നിവയിലും ഒപ്പനപ്പാട്ട് കവികളുടെയും മാപ്പിളപ്പാട്ട് രചയിതാക്കളുടെയും രചനകളിലും ഈശത്തില് പഠനം നടത്തിയ അദ്ദേഹം ഈ രംഗത്തുള്ള ഗവേഷകര്‍ക്ക് വഴികാട്ടി കൂടിയാണ്. മാപ്പിളപ്പാട്ടിന്റെ സൗന്ദര്യം, മോയിന്‍കുട്ടി വൈദ്യര് ഒരു കാവ്യ വിസ്മയം, ഇശല്‍ രൂപാന്തരവും മാപ്പിളപ്പാട്ട് രചനയും, മോയിന്‍കുട്ടി വൈദ്യര്, സമകാലികരായ 43 കവികള്‍, അറബി മലയാള സാഹിത്യത്തിലെ പെണ്ണെഴുത്തുകാര്‍, മാലപ്പാട്ടുകള്‍ സാമൂഹ്യ പശ്ചാത്തലത്തില്‍, വട്ടപ്പാട്ട് ചരിത്രവും പാട്ടുകളും, ഒപ്പന ഒരു ശ്രാവ്യവശ്യ കല തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പഠനങ്ങള്‍ അബ്ബാസിന്റേതായുണ്ട്.
തനത് ശൈലിയില്‍ മാപ്പിള കലകള്‍ പുതുതലമുറക്ക് കൈമാറാന്‍ പഠനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠന രീതികളാണ് അദ്ദേഹം അനുവര്‍ത്തിക്കുന്നത്. മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയില്‍ കലാ വിഭാഗം കണ്‍വീനര്‍, കലോത്സവ മാന്വല്‍ പരിഷ്കരണ കമ്മിറ്റി വൈസ് ചെയര്മാന്, ആള് കേരള മാപ്പിളകല അക്കാദമി ശിൽപശാല ചെയര്മാന്, കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉത്തര മലബാര്‍ മാപ്പിളകല പഠനകേന്ദ്രം എക്സിക്യൂട്ടിവ് അംഗം, നന്മ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഓള് കേരള മാപ്പിള സംഗീത അക്കാദമിയുടെ ഇശല്‍ മാനസം, മുര്ശിതി ഇശല്‍ ബിശാറയുടെ സംസ്ഥാന അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

