ജീവൻരക്ഷ പാഠങ്ങൾ പകർന്ന് കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാൻ
text_fieldsകൊണ്ടോട്ടി: വിവിധ ജനകീയ പ്രവർത്തനങ്ങളിൽ മാതൃകയായ കൊണ്ടോട്ടി മസ്ജിദുൽ ഇഹ്സാന്റെ ആഭിമുഖ്യത്തിൽ നടന്ന ജീവൻരക്ഷ പാഠങ്ങളും പരിശീലനവും ശ്രദ്ധേയമായി. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പ്രാഥമിക ജീവൻരക്ഷ രീതികളെക്കുച്ച് മസ്ജിദിന്റെ കീഴിലുള്ള ഹെൽത്ത് ആൻഡ് വെൽനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.
ആരോഗ്യരംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), സി.പി.ആർ (കാർഡിയോ പൾമണറി റെസസിറ്റേഷൻ) ഒന്നാം ഘട്ട പരിശീലനത്തിൽ രജിസ്റ്റർ ചെയ്ത അമ്പതോളം പേർ പങ്കെടുത്തു.
എമർജൻസി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. ഷെഫിൻ ഫർഹാനും സംഘവും പരിശീലനത്തിന് നേതൃത്വം നൽകി. അത്യാഹിത ഘട്ടങ്ങളിൽ കൃത്യമായ ബേസിക് ലൈഫ് സപ്പോർട്ട് നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് 'മാൻക്വിൻ' ഉപയോഗിച്ച് വിദഗ്ധർ വിശദീകരിച്ചു. പങ്കെടുത്തവർക്ക് പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമുണ്ടായിരുന്നു. മെഡിക്കൽ പരിജ്ഞാനമില്ലാത്ത സാധാരണക്കാർക്കും അത്യാഹിത ഘട്ടങ്ങളിൽ ധൈര്യത്തോടെ ഇടപെടാൻ ആത്മവിശ്വാസം പകരുന്നതായിരുന്നു പരിശീലന സെഷൻ.
പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. സൈബിൻ ഉദ്ഘാടനം ചെയ്തു. മസ്ജിദുൽ ഇഹ്സാൻ പ്രസിഡന്റ് ചേനങ്ങാടൻ ജുനൈദ് അധ്യക്ഷത വഹിച്ചു. ഡോ. അഹമ്മദ്, ഡോ. ഹബീബ്, ഡോ. കെ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധ സന്ദർഭങ്ങളിൽ വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് ശേഷം നടക്കുന്ന ആരോഗ്യ-സാമൂഹിക ബോധവത്കരണ ക്ലാസുകൾ, മസ്ജിദ് കെട്ടിടത്തിൽ കുട്ടികൾക്കായി ഒരുക്കിയ കളിസ്ഥലം, പഠന പരിശീലനങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ച് മസ്ജിദുൽ ഇഹ്സാൻ നേരത്തേയും ശ്രദ്ധയാകർഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

