മലപ്പുറം വളർന്നോ കേരളത്തോടൊപ്പം..?
text_fieldsചെറിയ ക്ലാസിൽ കല്യാണം കഴിഞ്ഞ് പഠനം ഉപേക്ഷിക്കുന്ന പ്രവണത മാറി
• മുംതാസ് ബാബു (മുൻ വൈസ് ചെയർപേഴ്സൻ, നിലമ്പൂർ നഗരസഭ)
വിദ്യാഭ്യാസ മേഖലയിൽ ജില്ല കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി മൂലം കുടുംബ ജീവിതത്തിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. ചെറിയ ക്ലാസിൽ കല്യാണം കഴിഞ്ഞ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന പ്രവണത ഇന്നില്ല. ജില്ലയിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ വരേണ്ടതുണ്ട്. കലാ-കായിക മേഖലയിൽ ജില്ല ഏറെ മുന്നിലാണ്. നഞ്ചൻകോട് റെയിൽപാത യഥാർഥ്യമായാൽ വികസനത്തിൽ കുതിപ്പേറും. ഐ.ടി മേഖല, വ്യവസായിക മേഖല, ചെറുകിട സംരംഭം തുടങ്ങിയവ ശക്തിപ്പെടണം.
പ്രവാസ സമൂഹത്തിന് അർഹമായ പരിഗണന നൽകിയോ?
• ലത്തീഫ് കുറ്റിപ്പുറം (ഗ്രീൻ പാലിയേറ്റിവ് ജില്ല കോ ഓഡിനേറ്റർ)
കേരള വികസന പ്രക്രിയയിൽ സിംഹഭാഗവും പ്രവാസികളുടെ സംഭാവനയാണ്. എന്നാൽ, പ്രവാസ സമൂഹത്തിന് അർഹമായ പരിഗണന ജന്മനാട് നൽകിയിരുന്നുവോ എന്ന ചോദ്യം പ്രസക്തമാകേണ്ടതുണ്ട്. പ്രകൃതി ചൂഷണം പരമാവധി കുറച്ചുകൊണ്ടുള്ള വികസനം തന്നെയാണ് ജില്ലക്ക് അനിവാര്യമെന്ന ബോധ്യം വേണം.
സാമൂഹികമാറ്റം ജില്ലയെ മുന്നോട്ട് നയിച്ചു
• റഫീഖ് എടപ്പാൾ (സാംസ്കാരിക പ്രവർത്തകൻ)
വിദ്യാഭ്യാസ മേഖലയിലുണ്ടായ സമൂലമാറ്റവും മുന്നേറ്റവും കൂടിയായപ്പോൾ മലപ്പുറം സംസ്ഥാന ശരാശരിയിലും മുകളിൽ എത്തിയിട്ടുണ്ട് എന്നാണ് നിഗമനം. മതത്തിന്റെ വേലിക്കെട്ടിനകത്തുനിന്നുകൊണ്ടുതന്നെ പുരോഗമനാശയങ്ങളെ ഉൾക്കൊള്ളുന്നവിധത്തിൽ വന്ന സാമൂഹികമാറ്റം ജില്ലയെ മുന്നോട്ട് നയിച്ചു. മലപ്പുറത്തുണ്ടായ പല നൂതന ആശയങ്ങളും പദ്ധതികളും സംസ്ഥാനതലത്തിൽത്തന്നെ നടപ്പാക്കപ്പെടുന്ന കാഴ്ച അഭിമാനിക്കാവുന്നതാണ്.
കേരളത്തോടൊപ്പം ജില്ലയും വളരുകയാണ്
• എൻ.എം. ഷഫീഖ് (ഡി.വൈ.എഫ്.ഐ ജില്ല ജോയന്റ് സെക്രട്ടറി)
എല്ലാ തരത്തിലും കേരളത്തോടൊപ്പം ജില്ലയും വളരുകയാണ്. വിദ്യാഭ്യാസ മേഖലയിലെ വളർച്ച എടുത്തുപറയാവുന്നതാണ്. കാലിക്കറ്റ്, അലീഗഢ്, മലയാളം എന്നീ പ്രധാന മൂന്ന് സർവകലാശാലകൾ ജില്ലയിലാണ്. ഇതിന്റെ മാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ട്. മുസ്ലിം പെൺകുട്ടികളിലെ വിദ്യാഭ്യാസ പുരോഗതി സാംസ്കാരികമായുള്ള വളർച്ചക്ക് ആക്കം കൂട്ടുന്നു. മലയോര പാത മലയോര വികസനവും സാധ്യമാക്കും.
ജനസാന്ദ്രതക്ക് അനുസൃതമായ വികസനമെത്തിയില്ല
• റംഷാദ് വലിയാട് (ഗ്രാഫിക്സ് ഡിസൈനർ)
ജില്ലയുടെ ജനസാന്ദ്രതക്ക് അനുസരിച്ചുള്ള വികസനം ഇനിയും യാഥാർഥ്യമായി എന്ന് പറയാനാകില്ല. അടിസ്ഥാന സൗകര്യത്തിലും ആരോഗ്യ മേഖലയിലും റോഡ് വികസനത്തിലും ഇനിയും മുന്നേറാനുണ്ട്.
സ്ത്രീകളുടെ ഉന്നമനത്തിന് പദ്ധതി വേണം
• മറിയുമ്മ ശരീഫ് (മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ)
സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷക്കുമായി പദ്ധതികൾ ഇനിയും വരേണ്ടതുണ്ട്. ആരോഗ്യം, വ്യവസായം എന്നിവയിൽ കൂടുതൽ പദ്ധതികൾ വേണം. വനിതകൾക്ക് ഒറ്റക്ക് താമസിക്കാനുള്ള ഇടങ്ങളും അപര്യാപ്തമാണ്. മലപ്പുറത്ത് വനിതകൾക്ക് താമസിക്കാൻ ഷീ സ്റ്റേ സംവിധാനം വരുന്നുണ്ട്.
അംഗൻവാടികൾ സജീവം
• കെ. നസീറ ബാനു, തിരൂർ
തിരൂരിലെ പാലങ്ങളിൽ താഴെപ്പാലം പാലം തുറന്നുകൊടുത്തതും സിറ്റി ജങ്ഷൻ പാലം പണി പൂർത്തിയായതും വികസന പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതാണ്. ജില്ലയിലെ അംഗൻവാടികൾ സജീവമായതും ഉപകാരപ്രദമായി.
മലപ്പുറം വളരുക തന്നെയാണ്
• കോട്ടക്കൽ മുരളി (നാടകസംവിധായകൻ)
രൂപവത്കരണ കാലത്ത് നിലനിന്നിരുന്ന എല്ലാതരം അശുഭ ചിന്തകളെയും തൂത്തെറിഞ്ഞു കൊണ്ടാണ് ജില്ല വളരുന്നത്. ഇത്രയും കാലം കൊണ്ട് ഒരു മലപ്പുറത്തനിമ രൂപപ്പെടുത്തിയെടുക്കാൻ നമുക്കായിട്ടുണ്ട്.
ഇനിയും മുന്നേറണം
• കെ. ധന്യ (ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്)
അടിസ്ഥാനപരമായി നമ്മൾ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. അതിൽ ഏറ്റവും വലുതാണ് ശുചിത്വം. കുടിവെള്ളത്തിന് ഇനിയും പ്രധാന്യം നൽകേണ്ട സ്ഥിതിയാണ്. അതുപോലെ തന്നെയാണ് ശൗചാലയങ്ങൾ. യാത്ര ചെയ്യുന്ന സ്ത്രീകൾ ഇക്കാര്യത്തിൽ പ്രയാസപ്പെടുന്നു.
ജില്ല ഇനിയും ഉയരണം
• ഫിദ സഫ്വാൻ (വ്ലോഗർ)
ജനസംഖ്യാനുപാതത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് തിരിച്ചടിയാണ്. സർക്കാർ സംവിധാനത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ കുറവ് നികത്തുന്നത് സ്വകാര്യ സ്ഥാപനങ്ങളിലൂടെയാണ്. ഇത് മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു. ഫുട്ബാളിനെ നെഞ്ചേറ്റുന്ന ജനതക്ക് ഇനിയെങ്കിലും നല്ല മൈതാനങ്ങൾ ഉണ്ടാകണം.
വിദ്യാഭ്യാസത്തിൽ മുന്നിൽ
• ഉബൈദ് ആതവനാട്
വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്ത് തന്നെ മലപ്പുറം ജില്ലയുടെ സ്ഥാനം ഏറ്റവും മുൻപന്തിയിലാണ്. സമീപ കാലത്തെ പരീക്ഷ ഫലങ്ങൾ വിദ്യാഭ്യാസ രംഗത്ത് ജില്ല കൈവരിച്ച നേട്ടങ്ങളുടെ തെളിവാണ്.
ജില്ലയും വികസന പാതയിൽ
• വി.പി. അബ്ദുൽ ഗഫൂർ (നടുവിലങ്ങാടി, തിരൂർ)
കേരളത്തോടൊപ്പം ജില്ലയും വികസന പാതയിലാണെന്നതിൽ ഒരു സംശയവുമില്ല. ജനങ്ങൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതിലേക്ക് മാറിയത് അവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടത് മൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

