സന്തോഷം, ഹൃദയം നിറയെ
text_fields‘ഹൃദ്യം’ പദ്ധതി
മലപ്പുറം: ‘ഹൃദ്യം’ പദ്ധതിക്ക് കീഴിൽ ജില്ലയിൽ ഈ വർഷം നടന്നത് 64 ശസ്ത്രക്രിയകൾ. ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് സമയബന്ധിത ചികിത്സയിലൂടെ പുതുജീവൻ നൽകാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാർ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 1852 കുട്ടികൾക്കാണ് കരുതലായത്. ഒരു വയസ്സിൽ താഴെയുള്ള 956 കുട്ടികൾക്കും ഒന്നിനും രണ്ടിനുമിടയിലെ 187 കുട്ടികൾക്കും രണ്ടിനും അഞ്ചിനുമിടയിലുള്ള 354 കുട്ടികൾക്കും അഞ്ചുവയസിനുമുകളില് പ്രായമുള്ള 355 കുട്ടികൾക്കുമാണ് ‘ഹൃദ്യ’ത്തിന് കീഴിൽ ഇതുവരെ ചികിത്സ നൽകിയത്.
ഈ വര്‍ഷം 237 കുട്ടികളാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത്. ഇവരില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടുന്നു. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധ അസുഖങ്ങൾക്ക് സൗജന്യ ചികിത്സയാണ് ‘ഹൃദ്യം’വഴി ലഭ്യമാക്കുക. ജനന സമയം സര്‍ക്കാര്‍ ആശുപത്രികളിലുള്ള പരിശോധന, ആരോഗ്യ പ്രവർത്തകരുടെ ഗൃഹസന്ദര്‍ശനത്തിലെ പരിശോധന, അംഗൻവാടികളിലും സ്കൂളുകളിലും നടത്തുന്ന ആര്.ബി.എസ്.കെ സ്ക്രീനിങ് എന്നിവ വഴിയാണ് ഹൃദ്രോഗം കണ്ടെത്തുക.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും പള്‍സ് ഓക്സിമെട്രി സ്ക്രീനിങ്ങിന് വിധേയരാക്കും. എക്കോ ഉള്‍പ്പെടെ ടെസ്റ്റുകള്‍ വഴി ജന്മനാലുളള ഹൃദ്രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തുകയാണ് ആദ്യപടി. സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പദ്ധതിയുടെ സേവനം ലഭിക്കും. ഇത്തരത്തില്‍ രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങള്‍ http://hridyam.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്ക് സ്വന്തമായും രജിസ്ട്രേഷന് നടത്താം. എല്ലാ ജില്ല ഏർലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളിലും (ഡി.ഇ.ഐ.സി) രജിസ്ട്രേഷനുള്ള ലോഗിന്‍ ഐഡികള്‍ നല്‍കിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിനെ പരിശോധിച്ച് പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ഫീറ്റല്‍ രജിസ്ട്രേഷന് നടത്താനും സാധിക്കും.
ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ് വെയർ സഹായത്തോടെയാണ് നിരീക്ഷിക്കുക. ശസ്ത്രക്രിയക്ക് ശേഷം വിശദാംശങ്ങള്‍ അതത് ആശുപത്രികളുടെ ലോഗിന്‍ ഐഡി വഴി സോഫ്റ്റ് വെയറില്‍ ചേര്‍ക്കാം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്.ബി.എസ്.കെ) നഴ്സുമാര്‍ വഴിയാണ് കുട്ടികളുടെ ഫീല്‍ഡ് തല ഫോളോ അപ്പ് നടത്തുക. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കുട്ടികളെ ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കുന്നുണ്ട്.
കോഴിക്കോട്, കോട്ടയം ഗവ. മെഡിക്കല്‍ കോളജുകൾ, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി ലിസ്സി ഹോസ്പിറ്റല്‍, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളെയാണ് പദ്ധതിക്കായി എംപാനല്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

