വാതിൽപടി വിതരണക്കാരുടെ സമരം; റേഷൻ വിതരണം പ്രതിസന്ധിയിൽ
text_fieldsപാലക്കാട്: മേയ് ഒന്നിന് ആരംഭിച്ച വാതിൽപടി വിതരണക്കാരുടെ സമരത്തെ തുടർന്ന് ജില്ലയിലെ റേഷൻ വിതരണം പ്രതിസന്ധിയിലായി. റേഷൻ കടകളിൽ അരി ഉൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ എത്താത്തതിനാൽ ജില്ലയിൽ പലയിടത്തും വിതരണം ഭാഗികമായാണ് നടക്കുന്നത്.
ജില്ലയിലെ എല്ലാ താലൂക്കുകളിലും റേഷൻ കടകൾ എല്ലാം കാലിയായ അവസ്ഥയാണ്. പലയിടത്തും റേഷൻ വാങ്ങാനെത്തുന്നവർ സാധനങ്ങൾ കിട്ടാതെ തിരിച്ചു പോകുകയാണ്. ജില്ലയിൽ എട്ട് കോടി രൂപയാണ് സപ്ലൈകോ റേഷൻ കടകളിലേക്കു സാധനങ്ങൾ വിതരണം ചെയ്യുന്ന വാതിൽപടി വിതരണക്കാർക്കു നൽകാനുള്ളത്. ജില്ലയിലെ 936 കടകളിലേക്ക് അരിവിതരണം നടത്തേണ്ടത്. ചുരുക്കം കടകളിൽ മാത്രമാണ് മട്ട അരി സ്റ്റോക്കുള്ളത്.
അതുതന്നെ മൊത്തം വിതരണത്തിനുള്ളതിന്റെ മൂന്ന് ശതമാനം മാത്രമാണ്. കഴിഞ്ഞ ദിവസം റേഷൻ വിതരണ നോഡൽ ഏജൻസിയായ സൈപ്ലകോ പാലക്കാട് കൽമണ്ഡപം ഓഫിസിൽ ബന്ധപ്പെട്ടവരെ ചർച്ചക്ക് വിളിച്ചുവെങ്കിലും ഉദ്യോഗസ്ഥരും റേഷൻ വ്യാപാരികളും മാത്രമാണ് പങ്കെടുത്തത്. കരാറുകാരുടെ സമരം മൂലം എഫ്.സി.ഐ ഗോഡൗണുകളിലും ഭക്ഷ്യധാന്യങ്ങൾ കെട്ടികിടക്കുകയാണ്.
അതേ സമയം കരാറുകാർക്ക് പണം ലഭിക്കാത്തതിനാൽ എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ കയറ്റിറക്ക് തൊഴിലാളികളും പ്രതിസന്ധിയിലാണ്. ഗോഡൗണുകളിൽ കയറ്റിറക്ക് തൊഴിലാളികൾക്ക് കരാറുകാരാണ് കൂലി നൽകുന്നത്. കരാറുകാരുടെ സമരം നീളുകയാണെങ്കിൽ അവരും പ്രതിസന്ധിയിലാവും. പ്രതിസന്ധിയിലായ തൊഴിലാളികൾ അടുത്ത ദിവസം സമരത്തിലേക്ക് നീങ്ങുകയാണ്.
അതേ സമയം ഗതാഗത കരാറുകാർക്ക് കുടിശ്ശിക നൽകാൻ 50 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായും വെള്ളിയാഴ്ച തന്നെ തുക വിതരണം പൂർത്തിയാക്കുമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഗതാഗത കരാറുകാരുടെ സമരം മൂലം സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ പ്രതിസന്ധി നേരിട്ടതായി വന്നിട്ടുള്ള മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ണെണ്ണ വിതരണവും ഇല്ല
മേയിൽ മണ്ണെണ്ണ വിതരണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടെങ്കിലും ജില്ലയിൽ ഒരിടത്തും വിതരണം തുടങ്ങിയിട്ടില്ല. മാസങ്ങളായി മണ്ണെണ്ണ വിതരണം നടക്കാത്തതിനാൽ കടകളിൽ വിതരണം നടത്തേണ്ട കരാറുകാർ കരാർ പുതുക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പല കരാറുകാരും വാഹനങ്ങൾ തന്നെ ഒഴിവാക്കിയിരിക്കുകയാണ്. മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ പല കടകളിലെയും എണ്ണ സംഭരിക്കേണ്ട ഡ്രമ്മുകളും ദ്രവിച്ച് നാശമായിരിക്കുകയാണ്.
ഏപ്രിൽ, മേയ്, ജൂൺ ത്രൈമാസ കാലയളവിനുള്ള എല്ലാവിഭാഗം കാർഡുടമകൾക്കും അരലിറ്റർ വീതം മണ്ണെണ്ണ വിതരണമാണ് നടക്കേണ്ടത് എന്നതിനാൽ അടുത്തമാസമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. തുടർ മാസങ്ങളിൽ ലഭിക്കുമോ എന്നത് പറയാനാവില്ലെന്നും റേഷൻ വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

