തിമിംഗല സ്രാവുകളുടെ സംരക്ഷണം; കടൽ ശുചീകരണവുമായി വിദ്യാർഥികൾ
text_fieldsതിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനുള്ള ബോധവത്കരണ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ കടലിൽ
നടത്തിയ പ്ലാസ്റ്റിക് ശുചീകരണം
പൊന്നാനി: തിമിംഗല സ്രാവിന്റെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ കടൽ ശുചീകരണം നടത്തി. ഇവയുടെ എണ്ണം അനുദിനം കുറയുകയാണെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സംരക്ഷണപ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. കടലിലെ പ്ലാസ്റ്റിക് മലിനീകരണം മറ്റ് മത്സ്യങ്ങൾക്കും വലിയ ഭീഷണിയാണ്. തിമിംഗല സ്രാവുകളുടെ പ്രാധാന്യത്തെക്കുറിച്ച് തീരദേശവാസികളെ ബോധവത്കരിക്കാനും സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം കുറക്കാനുമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സംസ്ഥാന വനം വകുപ്പും ഒറക്കിളും ചേർന്ന് നടപ്പാക്കുന്നതാണ് സംരക്ഷണ പദ്ധതി.
കടൽ പ്ലാസ്റ്റിക്കുകളും ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന അനാവശ്യ മത്സ്യബന്ധന വലകളും നീക്കാൻ പൊന്നാനി എം.ഇ.എസ് കോളജിലെ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ വിഭാഗം വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് നേതൃത്വം നൽകിയത്.
തിമിംഗല സ്രാവുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണവും നടന്നു.
അജിത് ശംഖുമുഖം, സാജൻ ജോൺ, പൊന്നാനി എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ വി.യു അമീറ, അധ്യാപകരായ റജുൽ ഷാനിസ്, സർഫ്രാസ് അലി, ലിംസീർ അലി, വിദ്യാർഥികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.