കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പിൽ കനത്ത സംഘർഷം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഡി.എസ്.യു തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷം. 20 ലധികം പേർക്ക് പരിക്കേറ്റു. വോട്ടെണ്ണൽ നടന്ന ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഘർഷം രൂക്ഷമായത്.
പൊലീസ് ലാത്തിവീശിയതോടെ എസ്.എഫ്.ഐ- യു.ഡി.എസ്.എഫ് പ്രവർത്തകർ ചിതറിയോടി. ലാത്തിയടിയേറ്റ് സെമിനാർ കോംപ്ലക്സിന്റെ വാതിൽ ചില്ലുകൾ തകർന്നു.റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യു.ഡി.എസ്.എഫ് ആവശ്യത്തെതുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ടി.പി അഷ്താഫ്, യു.ഡി.എസ്.എഫ് പ്രതിനിധിയും കൗണ്ടിങ് ഏജൻറുമായ പി.കെ മുബഷീർ എന്നിവർ ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് നശിപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച എസ്.എഫ്.ഐ കൗണ്ടിങ് ഏജൻറുമാർക്ക് മർദനമേറ്റു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് ഇരുവിഭാഗം പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയത്. സംഘർഷം രൂക്ഷമാകുകയും പൊലീസ് ലാത്തിവീശുകയുമായിരുന്നു.
തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചു. കീറിയും ചവിട്ടേറ്റും 45 ലധികം ബാലറ്റ് പേപ്പറുകളാണ് നശിപ്പിക്കപ്പെട്ടത്. ലാത്തിച്ചാർജിൽ പരിക്കേറ്റ യു.ഡി.എസ്.എഫ് പ്രവർത്തകരെ രാത്രി 8.30 ഓടെയാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ നിരവധി തവണ സെമിനാർ കോപ്ലക്സിന് നേരെ യു.ഡി.എഫ് പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു.
ചില്ലുകൾ വ്യാപകമായി തകർന്നു. വോട്ടെണ്ണൽ തുടരണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് അടക്കമുള്ള നേതാക്കൾ നിലയുറപ്പിച്ചെങ്കിലും പോളിങ് ഏജൻറുമാരില്ലാതെ വോട്ടെണ്ണേണ്ടെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ രേഖാമൂലം പോളിങ് ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി. വോട്ടെണ്ണാമെന്നായിരുന്നു രജിസ്ട്രാറുടെ നിലപാട്. എന്നാൽ, മതിയായ സുരക്ഷയും ഔദ്യോഗിക അറിയിപ്പുമില്ലാതെ എണ്ണാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
സംഘർഷ കാരണം യു.ഡി.എസ്.എഫെന്ന് എസ്.എഫ്.ഐ; ഗൂഢാലോചനയെന്ന് യു.ഡി.എസ്.എഫ്
തേഞ്ഞിപ്പലം: ഡി.എസ്.യു തെരഞ്ഞെടുപ്പിൽ മുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എല്ലാ എസ്.എഫ്.ഐ സ്ഥാനാർഥികളും വിജയിക്കുമെന്ന സ്ഥിതി വന്നപ്പോൾ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ യു.ഡി.എസ്.എഫ് പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ച് പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
എന്നാൽ, എസ്.എഫ്.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഉദ്യോഗസ്ഥർ വ്യാജ ബാലറ്റ് പേപ്പറുകൾ കൊണ്ടുവന്നത് തടയാനാണ് ശ്രമിച്ചതെന്ന് യു.ഡി.എസ്.എഫ് പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

