റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
text_fieldsപുനരുദ്ധാരണം പൂർത്തിയായ മലപ്പുറം കുന്നുമ്മൽ ജുമാമസ്ജിദിൽ അംഗശുദ്ധി വരുത്തുന്ന വിശ്വാസി
മലപ്പുറം: വിശുദ്ധമാസമായ റമദാനെ വരവേൽക്കാൻ പള്ളികളും വീടുകളും ഒരുങ്ങി. ഒരു മാസം നീളുന്ന വ്രതത്തിലൂടെ മനസും ശരീരവും ശുദ്ധീകരിക്കാൻ ഒരുങ്ങുകയാണ് മുസ്ലിം സമൂഹം. നോമ്പിന്റെ പുണ്യംനിറച്ച് രാപകൽ പ്രാർഥനകളിൽ മുഴുകാൻ കാത്തിരിപ്പാണ് വിശ്വാസികൾ.
മാസപ്പിറവി കാണുന്ന മുറക്ക് തിങ്കളോ ചൊവ്വയോ ആയിരിക്കും വ്രതാരംഭം. ഒരു മാസത്തോളമായി നടന്നുവരുന്ന പള്ളികളുടെ അറ്റകുറ്റപ്പണിയും ചായംതേച്ച് മോടിപിടിപ്പിക്കലുമെല്ലാം പൂർത്തിയായി. പഴയ പായകൾ മാറ്റി പുതിയത് വിരിച്ചു. വിരിപ്പുകളും മുസല്ലകളുമെല്ലാം കഴുകി വൃത്തിയാക്കി. അത്യുഷ്ണത്തിന് നടുവിലേക്കാണ് ഇത്തവണ റമദാൻ എത്തുന്നത്. വിശ്വാസികൾക്ക് കഠിന പരീക്ഷണമായിരിക്കും ഇത്തവണത്തെ വ്രതം. റമദാനു മുമ്പുള്ള അവസാന വെള്ളിയാഴ്ച ഇമാമുമാർ വ്രതത്തിന്റെ പ്രധാന്യവും പുണ്യവും വിശ്വാസികളെ ഉണർത്തി. പള്ളികളിൽ നോമ്പുതുറ ഒരുക്കാനുള്ള സജ്ജീകരണങ്ങൾ തയാറായി.
രാത്രി നമസ്കാരത്തിന് ഖുർആൻ മനഃപാഠമാക്കിയവരെ വിവിധ സ്ഥലങ്ങളിൽ നിയമിച്ചു. സ്ത്രീകൾക്ക് പള്ളികളിലും ചിലയിടങ്ങളിൽ മദ്റസകളിലും രാത്രിനമസ്കാരത്തിന് മഹല്ലു കമ്മിറ്റികൾ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. മുസ്ലിം ഭവനങ്ങളിൽ ‘നനച്ചുകുളി’യുടെ തിരക്കാണ്. വീടുകൾ കഴുകി വൃത്തിയാക്കി നോമ്പിനെ വരവേൽക്കാനുള്ള തയാറെടുപ്പാണ് ‘നനച്ചുകുളി’. റമദാനിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ വാങ്ങാനുള്ള തിരക്ക് കടകളിൽ ദൃശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

