അങ്ങാടിപ്പുറം റോഡ് പണി; വയോധികർക്കും രോഗികൾക്കും പാലിയേറ്റിവ് യൂനിറ്റിന്റെ യാത്രാസേവനം
text_fieldsഅങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഭാഗത്ത് ഇന്റർലോക്ക് കട്ടവിരിക്കാൻ റോഡ് പൂർണമായും അടച്ചതോടെ പ്രയാസത്തിലായ വയോധികർക്കും രോഗികൾക്കും സൗജന്യ യാത്ര സൗകര്യമൊരുക്കി പാലിയേറ്റിവ് യൂനിറ്റ്. അങ്ങാടിപ്പുറം തളി ജങ്ഷനിൽ ഇറങ്ങി ഗവ. പോളി ടെക്നിക് ജങ്ഷനിലേക്കും തിരിച്ചും കാൽനടയായാണ് പോകുന്നത്. ഇതിനു രണ്ടിനുമിടയിലുള്ള ഭാഗത്താണ് റോഡ് നവീകരണം. രണ്ടുഭാഗത്തും ബസ് സർവിസ് എത്തി യാത്രക്കാരെ ഇറക്കി അവിടെനിന്നും തിരികെ സർവിസ് തുടരുകയാണ്.
യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ മങ്കട പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് വളന്റിയർമാരാണ് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ സഹായത്തോടെ ജീപ്പ് സർവിസ് ഏർപ്പെടുത്തിയത്. ഇത് രോഗികൾക്കും വയോധികർക്കും ആശ്വാസമായി. അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അടക്കം ജനപ്രതിനിധികളും യാത്രക്കാരുടെ പ്രയാസം പരിഹരിക്കാൻ സ്ഥലത്ത് എത്തുന്നുണ്ട്. മൂന്നുദിവസം ദിവസം മുമ്പാണ് മേൽപാലത്തിന് സമീപത്തെ റോഡ് അടച്ചത്. വാഹനമാർഗം തന്നെ പെരിന്തൽമണ്ണ ടൗണിൽ എത്താൻ കിലോമീറ്ററുകളോളം ചുറ്റിവളയണം.
അത് ഒഴിവാക്കാൻ ഒരു കി.മീറ്ററിൽ താഴെ ഭാഗം കാൽനടയായി കടക്കുകയാണ്. അങ്ങാടിപ്പുറം തളി ജങ്ഷനിൽ ബസുകൾ അടക്കമുള്ള വാഹനങ്ങൾ നിർത്തി ഇതിൽനിന്നും ഇറങ്ങിവരുന്ന രോഗികൾക്കും വയോധികർക്കും കാൽനടയാത്രക്ക് ബുദ്ധിമുട്ടുള്ളവർക്കും വേണ്ടിയാണ് മങ്കട പെയിൻ പാലിയേറ്റിവിന്റെ നേതൃത്വത്തിൽ മേൽപാലത്തിനു മുകളിലൂടെ വാഹന സൗകര്യം ഏർപ്പെടുത്തിയത്.
മേൽപാലത്തിന് സമീപം പണി നടക്കുന്ന സ്ഥലം വരെയെങ്കിലും വാഹനങ്ങൾ കടത്തിവിടാമെങ്കിലും തിരക്കും ബുദ്ധിമുട്ടും പരിഗണിച്ച് തളി ജങ്ഷൻ വരെയായി ചുരുക്കി. റോഡ് അടച്ചിട്ടതിന്റെ മൂന്നാം ദിവസമായിരുന്നു ചൊവ്വാഴ്ച. വളാഞ്ചേരി, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിൽനിന്ന് പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ എത്തുന്നവരാണ് യാത്രക്കാരിൽ വലിയൊരു വിഭാഗം. നാലു ദിവസം കൂടി പണി നടത്തിയ ശേഷമാണ് റോഡ് ചെറുവാഹനങ്ങൾക്ക് തുറന്നുനൽകാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

