പുതിയ അധ്യയന വർഷം തുടങ്ങാൻ ആഴ്ചകൾ മാത്രം; സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ അധികൃതർ നെട്ടോട്ടത്തിൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രധാനാധ്യാപകരും മാനേജർമാരും. തദ്ദേശ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർമാർക്കാണ് സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ട ചുമതല.
പാമ്പു കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ ചുവടുപിടിച്ച് 2025 നവംബറിൽ ആരോഗ്യവകുപ്പാണ് അഞ്ചുവകുപ്പുകളുടെ സുരക്ഷ പരിശോധന കഴിഞ്ഞതിനു ശേഷമേ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്ന സർക്കുലർ ഇറക്കിയത്. സർട്ടിഫിക്കറ്റ് ലഭിക്കാൻ വനം, ആരോഗ്യം, മോട്ടോർവാഹന വകുപ്പ്, കെ.എസ്.ഇ.ബി, ഫയർഫോഴ്സ്‍ എന്നീ അഞ്ചു വകുപ്പുകളുടെ എൻ.ഒ.സി നിർബന്ധമാണ്. എല്ലാ കെട്ടിടങ്ങളിലും അഗ്നിരക്ഷ സംവിധാനവും വേണം.
ആരോഗ്യവകുപ്പിന്റെ ഫിറ്റ്നസ് ലഭിക്കാൻ സ്കൂളുകളിലെ കിണർ വെള്ളം ലാബിൽ കൊണ്ടുപോയി പരിശോധന നടത്തി ഇ-കോളി ബാക്ടീരിയ ഇല്ലെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളിൽ മാളങ്ങളില്ലെന്ന് ഉറപ്പാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധന നടത്തിക്കണം. കോഴിക്കോട് ജില്ലയുടെ കാര്യമെടുത്താൻ മാത്തോട്ടത്താണ് വനംവകുപ്പിന്റെ ഓഫിസുള്ളത്.രാത്രി ഉറക്കമിളച്ച് ജോലി ചെയ്താലും അവർക്ക് സ്കൂളുകളിൽ പരിശോധന നടത്താൻ സാധിക്കില്ല.
അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ നിർദേശമൊന്നും നൽകാത്തതിനാൽ സ്കൂളുകളിൽ മേൽനോട്ട സമിതി രൂപവത്കരിച്ചിട്ടുമില്ല. വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കേരളത്തിലെ സ്കൂളുകൾ. പുതിയ സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ച് തുടർനടപടികളും ആയിട്ടില്ല. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ജില്ലയിൽ ഏതാണ്ട് 1000ത്തിലേറെ സ്കൂളുകളുണ്ട്.
അഞ്ചു വകുപ്പുകളുടെ പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി എല്ലാ സ്കൂളുകളിലും സുരക്ഷ മേൽനോട്ടസമിതി രൂപവത്കരിച്ച് അവർ സാക്ഷ്യപ്പെടുത്തിയ ചെക്ക്‍ലിസ്റ്റ് സഹിതം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണമെന്നാണ് നവംബറിൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ ഉള്ളത്. തദ്ദേശസ്വയംഭരണ വകുപ്പും ഇത് അംഗീകരിച്ചു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനായി ആദ്യം സ്കൂൾ പ്രധാനാധ്യാപകർ കെ-സ്മാർട്ട് തദ്ദേശസ്വയംഭരണവകുപ്പിന് അപേക്ഷ നൽകണം. അപേക്ഷ പരിശോധിച്ച ശേഷം അധികൃതർ അത് തിരിച്ചയക്കും. പിന്നീട് എൻ.ഒ.സി സംഘടിപ്പിച്ച ശേഷം ഈ അപേക്ഷയുടെ കൂടെ അപ്ലോഡ് ചെയ്ത് വീണ്ടും അപേക്ഷിക്കണം.
ജൂൺ ഒന്നിനിടക്ക് അഞ്ചു വകുപ്പിൽ നിന്നും ആളുകളെത്തി ജില്ലയിലെ സ്കൂളുകളിൽ പരിശോധന നടത്തുന്നത് പ്രായോഗികമല്ല. ആ സാഹചര്യത്തിൽ ഫിറ്റ്നസ് അനുവദിക്കേണ്ട എ.ഇമാർ അഞ്ച് വകുപ്പുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയ സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ഉണ്ടാക്കണം. ആ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എ.ഇമാർ സ്കൂളുകൾ സന്ദർശിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്ന് ദേശീയ അധ്യാപക പരിഷത്ത്(എൻ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ പറയുന്നു.
കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് കെട്ടിടത്തിൽ സുരക്ഷ സൗകര്യങ്ങളുണ്ടെങ്കിൽ ഫിറ്റ്നസ് കൊടുക്കാമെന്നാണ് കെ.ഇ.ആറിൽ പറയുന്നത്. അതായത് എൻജിനീയർ കെട്ടിടത്തിന്റെ ഫിറ്റ്നസ് മാത്രം പരിശോധിച്ചാൽ മതിയെന്നായിരുന്നു ഇതുവരെ പിന്തുടർന്ന കീഴ് വഴക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

