‘വിദ്യ’ പ്രവർത്തിച്ചാൽ എലത്തൂർ മാറി ചിന്തിക്കുമോ?
text_fieldsകോഴിക്കോട്: എലത്തൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ വിവാദങ്ങൾ നീറി പുകയവെ മണ്ഡല ചരിത്രത്തിൽ ആദ്യമായി കൈപ്പത്തി ചിഹ്നവുമായി യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. വിദ്യാ ബാലകൃഷ്ണൻ എത്തുമ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് പ്രസക്തിയേറുന്നു. ആദ്യ വനിത സ്ഥാനാർഥിയായി വിദ്യാ ബാലകൃഷ്ണൻ മണ്ഡലത്തിൽ വോട്ടുതേടുമ്പോൾ കഴിഞ്ഞകാലങ്ങളിലൊന്നും യു.ഡി.എഫ് സ്ഥാനാർഥികൾക്കും യു.ഡി.എഫിനും ഇല്ലാത്ത ആത്മവിശ്വാസവും പ്രതീക്ഷയുമാണ് ഇത്തവണ സംജാതമായിരിക്കുന്നത്. 2011ൽ എലത്തൂർ നിയമസഭാ മണ്ഡലം രൂപപ്പെട്ടതുമുതൽ കോൺഗ്രസിന് സ്വന്തം സ്ഥാനാർഥികളെ ലഭിക്കാത്തതിനാൽ പ്രവർത്തകർക്ക് അമർഷം ഏറെയായിരിക്കെയാണ് ഇത്തവണ കെ.പി.സി.സി ജനറൽ സെക്രട്ടറി തന്നെ സ്ഥാനാർഥിയാകുന്നത്. മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൽ.ഡി.എഫിലും സി.പി.എമ്മിലും ശശീന്ദ്രന്റെ തന്നെ പാർട്ടിയായ എൻ.സി.പിയിലും അതൃപ്തി മറനീക്കി പുറത്തുവന്ന വേളയിൽ വിദ്യാ ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വം ഏറെ ചർച്ചയാകുകയാണ്. പ്രായംതന്നെയായിരുന്നു മുഖ്യമായും ശശീന്ദ്രനെതിരെ ഉയർന്നത്.
ശശീന്ദ്രൻ മത്സരിച്ചാൽ സി.പി.എം അനുഭാവികളുടെയും പ്രവർത്തകരുടെയും വോട്ടുമാറ്റം ഉണ്ടാകുമെന്ന റിപ്പോർട്ട് ജില്ല കമ്മിറ്റിക്കു മുമ്പാകെ എത്തിയതും എൻ.സി.പി ജില്ല കമ്മിറ്റി എ.കെ. ശശീന്ദ്രൻ മാറിനിൽക്കണമെന്ന് പ്രമേയം പാസാക്കിയ വേളയിലുമാണ് യുവത്വത്തിന്റെ പ്രതീകമായി സംഘടനാ പ്രവര്‍ത്തനരംഗത്തും സാമൂഹിക സേവന രംഗത്തും സജീവമായ വിദ്യ ബാലകൃഷ്ണൻ രംഗപ്രവേശനം ചെയ്യുന്നത്. മത്സരാർഥികളിലെ പ്രായക്കുറവും കർമശേഷിയും യുവത്വത്തെ ആകർഷിക്കുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തോടെ ബോധ്യപ്പെടുകയാണ്. സി.പി.എം പ്രവർത്തകരും അനുഭാവികളും നൽകിയ സൂചന പരിഗണിക്കാത്തത് ഏറെ തിരിച്ചടിയാകുമോയെന്ന ആശങ്കയും ഉയരുകയാണ്. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ വിദ്യാ ബാലകൃഷ്ണൻ സി.പി.എമ്മിനെതിരെ ഒരക്ഷവും മിണ്ടാതെ പ്രചാരണ രംഗത്ത് സജീവമായാൽ വലിയ വോട്ടുമറിച്ചിൽ ഉണ്ടാകുമെന്ന് എൽ.ഡി.എഫ് നേതൃത്വവും അണികളും അടക്കംപറയുന്നുണ്ട്.
കോഴിക്കോട് കോർപറേഷനിൽ രണ്ടു തവണ തുടർച്ചയായി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാ ബാലകൃഷ്ണൻ കെ.എസ്.യു താലൂക്ക് ഭാരവാഹിയായാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലെ പരിചയവും തെരഞ്ഞെടുപ്പിൽ ഗുണംചെയ്യും.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘടന ചുമതലകളും വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

