ചേമഞ്ചേരിയിൽ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
text_fieldsകൊയിലാണ്ടി: പുതിയ ദേശീയപാതയിൽനിന്നും ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള ഏകമാർഗം ഇടുങ്ങിയത് മൂലം ഇവിടെ യാത്ര ചെയ്യാനെത്തുന്നവർ ദുരിതത്തിൽ. താഴ്ന്ന സർവിസ് റോഡിൽ കഴിഞ്ഞ ദിവസത്തെ വേനൽമഴയിൽ വെള്ളം ഉയർന്നതാണ് പ്രധാനമായും പ്രയാസമാവുന്നത്. യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് ഇറങ്ങാനും കയറാനും കഴിയാത്ത അവസ്ഥയാണ് നിലവിൽ.
കാൽനടയാത്രക്കായി പ്ലാറ്റ്ഫോം നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. രാവിലെ ഏഴിനും ഉച്ചക്ക് 12നും വൈകീട്ട് ഏഴിനും ഇടയിൽ 300 ഓളം പേരാണ് ഇവിടെ ലോക്കൽ ട്രെയിനിനെ ആശ്രയിക്കുന്നത്. സുഗമമായ കാൽനടയാത്ര സൗകര്യം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അതേസമയം മേൽപ്പാലം നിർമിക്കാമെന്ന് അധികൃതർ നേരത്തെ ഉറപ്പു നൽകിയിട്ടും നടപടി വൈകുന്നതിലും ആശങ്കയുണ്ട്. നേരത്തെ ലാഭകരമല്ലാത്ത സ്റ്റേഷൻ പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശിച്ച റെയിൽവേ സ്റ്റേഷൻ പട്ടികയിൽ ചേമഞ്ചേരിയും ഉൾപ്പെട്ടിരുന്നു. യാത്രക്കായി സ്റ്റേഷനിലെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാരണം യാത്രക്കാർ ഈ സ്റ്റേഷൻ ഒഴിവാക്കിയാൽ അധികൃതർ വീണ്ടും ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർ കുറഞ്ഞാൽ ലോക്കൽ ട്രെയിൻ സ്റ്റോപ്പ് ഇവിടെ നിർത്തലാകും. അല്ലെങ്കിൽ സ്റ്റേഷൻ തന്നെ ഒഴിവാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

