അമ്പോ... സ്റ്റാളിൽ വമ്പൻ തിരക്ക്...
text_fieldsമാധ്യമം എജു കഫേയിലെ എക്സിബിഷൻ ഹാളിലെ തിരക്ക് -പി. സന്ദീപ്
കോഴിക്കോട്: ചോദ്യങ്ങളുമായി എത്തിയ മനസ്സുകൾക്ക് ഉത്തരങ്ങളായി മാറി എജുകഫെയിൽ സ്റ്റാളുകൾ. ഏറ്റവും മികച്ച സ്ഥാപനങ്ങളിൽനിന്നേ ഏറ്റവും മികച്ച അവസരങ്ങളൊരുങ്ങു എന്ന തിരിച്ചറിവിൽ ഉന്നതപഠനത്തെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അറിയാൻ ആശങ്കയോടെ കഴിഞ്ഞ വിദ്യാർഥികൾക്ക് പൂർണ തൃപ്തി പകരുകയാണ് മാധ്യമം എജുകഫെയിലെ അറുപതോളം സ്റ്റാളുകൾ. സംശയങ്ങൾ മാറി തെളിഞ്ഞ പ്രതീക്ഷയോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്റ്റാളുകളിൽനിന്ന് മടങ്ങുന്നത്. ഓരോ സ്റ്റാളിൽനിന്നും ലഭിക്കുന്ന അറിവുകൾ ജീവിതത്തിൽ വഴിത്തിരിവായി മാറുകയാണ് വിദ്യാർഥികൾക്ക്.
പുതിയ കാലത്തെ കരിയർ സാധ്യതകൾക്കൊപ്പം ഉയർന്നുപൊങ്ങാൻ ഡേറ്റാ സയൻസ് മുതൽ ഫാഷൻ ഡിസൈനിങ് വരെ സ്റ്റാളുകൾ എജുകഫെയിലുണ്ട്. ലോകമെമ്പാടും വലിയ ശമ്പളവും തൊഴിലവസരങ്ങളുമുള്ള സൈബർ സെക്യൂരിറ്റി, ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് തുടങ്ങിയ ആധുനിക കോഴ്സുകളുടെയും കേന്ദ്ര സർക്കാരിന് കീഴിലുള്ള എഫ്.ഡി.ഡി.ഐയുടെ ഫാഷൻ-ഫുട്വെയർ ഡിസൈനിങ് കോഴ്സുകളുടെ സ്റ്റാളുകളിലുമാണ് ഏറെതിരക്ക്. അഗ്രികൾചർ യൂനിവേഴ്സിറ്റിയുടെയും ആത്മീയ പഠനകോഴ്സുകളെക്കുറിച്ച് വിവരം നൽകുന്ന സ്റ്റാളുകളുണ്ട്. വിവിധ പരീക്ഷകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും ഇടത്തട്ടുകാരില്ലാതെ പൂർണവിവരങ്ങൾ ലഭ്യമാകുന്നതിനാൽ വിദ്യാർഥികൾ നേരിട്ടെത്തി എജുകഫെയെ ആശ്രയിക്കുകയാണ്. പഠനത്തിനൊപ്പം മാനസികാരോഗ്യത്തിനും ഊന്നൽ നൽകിയുള്ള മേളയിൽ ‘ബിക്കമിങ്’ ടീമിന്റെ കൗൺസലിങ് സെഷനുകളും സ്റ്റാളുമുണ്ട്.
ഉപരിപഠനത്തിനായി ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനിലുള്ള വിദ്യാർഥികൾക്കായി ‘സിജി’യുടെ പ്രത്യേക കൗൺസലിങ് സെഷനും കുട്ടികളുടെ യഥാർഥ അഭിരുചി പരിശോധിച്ചറിയാനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫെയിലുണ്ട്. 100 ശതമാനം ജോലി സാധ്യത ഉറപ്പുനൽകുന്ന വ്യത്യസ്തമായ കോഴ്സുകളുടെ സ്റ്റാളുകൾ മുഖ്യ ആകർഷണമാണ്. കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിന് (സിയാൽ) കീഴിലുള്ള സി.ഐ.എ.എസ്.എൽ അക്കാദമിയുടെ ഏവിയേഷൻ കോഴ്സുകളും, വാട്ടർമാക് ഇൻഡസ്ട്രീസിന് കീഴിലുള്ള ഐ.ഡബ്ല്യൂ.ഇ.ആർ അവതരിപ്പിക്കുന്ന ‘വാട്ടർ ട്രീറ്റ്മെന്റ്’ കോഴ്സുകളെക്കുറിച്ചുള്ള സ്റ്റാളുകളിലും തിരക്കേറെ.
സ്റ്റാളുകളുടെ ഉദ്ഘാടനം കോർപറേഷൻ മേയർ ഒ. സദാശിവൻ നിർവഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിനൂതനവും സാങ്കേതികവുമായ പഠന മേഖലകളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കാന മാധ്യമം ഒരുക്കിയ എജുകഫേ വൈവിധ്യംകൊണ്ട് വേറിട്ടുനിൽക്കുന്നുവെന്ന് മേയർ സദാശിവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

