സംസ്ഥാനപാതയുടെ വശത്തെ ഭിത്തി അപകടാവസ്ഥയിൽ
text_fieldsകുന്ദമംഗലം മുക്കം റോഡിൽ പുൽപറമ്പിൽ-തേവർകണ്ടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അപകടാവസ്ഥയിലായ ഭിത്തി
കുന്ദമംഗലം: അഗസ്ത്യൻമൂഴി-കുന്ദമംഗലം സംസ്ഥാന പാതയിൽനിന്ന് പുൽപറമ്പിൽ-തേവർകണ്ടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പ്രധാന റോഡിന്റെ അരിക് വശത്തെ ഭിത്തി അപകടാവസ്ഥയിൽ. നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡാണിത്.
സംസ്ഥാന പാതയിൽനിന്ന് ഈ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള ഭിത്തിയിലെ കല്ലുകൾ പലഭാഗത്തായി തള്ളിനിൽക്കുകയും ഭിത്തിയിൽനിന്ന് വേറിട്ട് വീഴാനായ നിലയിലുമാണ്. പാതയോരത്തെ തണൽ മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങി ഭിത്തിയിലെ കല്ലുകൾ ക്രമംതെറ്റിയതാണ് അപകടാവസ്ഥക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
മാത്രമല്ല, തിരക്കേറിയ സംസ്ഥാന പാതയിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. സ്ഥിരമായി വാഹനങ്ങൾ പോകുമ്പോഴും അമിത ഭാരമേറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോഴും ക്രമേണ റോഡരികിലെ ഭിത്തി തകരുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്ന സമയത്ത് പുൽപറമ്പിൽ-തേവർകണ്ടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുകൂടി ആളുകൾ കടന്നുപോകുന്നത് ഭയത്തോടെയാണ്. സ്കൂൾ വിദ്യാർഥികളടക്കം അനേകം പേർ ദിവസവും കാൽനടയായും മറ്റും യാത്രചെയ്യുന്ന റോഡാണിത്. ഭിത്തിക്ക് മുകളിലൂടെ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഭയമില്ലാതെ റോഡിലൂടെ സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തെ ദർശന റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

