പരിശോധന വിവരം ചോർത്തിനൽകി; ആർ.ടി.ഒ ഡ്രൈവർക്ക് ഏഴു വർഷം കഠിനതടവ്
text_fieldsകോഴിക്കോട്: വാഹന പരിശോധന വിവരം മുൻകൂട്ടി അറിയിക്കുന്നതിന് കൈക്കൂലി വാങ്ങിയ ആർ.ടി.ഒ ഡ്രൈവർക്ക് ഏഴുവർഷം കഠിനതടവ്. കൽപറ്റ ആർ.ടി.ഒ ഡ്രൈവർ കെ.എ. ബാലനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ഏഴുവർഷം കഠിനതടവിന് ശിക്ഷിച്ചത്.
ഓവർലോഡ് വാഹനങ്ങൾക്ക് ഫൈൻ ഈടാക്കുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന വാഹന പരിശോധന വിവരം മുൻകൂട്ടി വാഹന ഉടമകളെ അറിയിക്കുന്നതിന് വാഹന ഉടമയിൽനിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയതിന് കോഴിക്കോട് ഉത്തര മേഖല വിജിലൻസ് യൂനിറ്റ് കൈയോടെ പിടികൂടി രജിസ്റ്റർ ചെയ്ത കേസിലാണ് വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി ഏഴു വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴ ഈടാക്കുന്നതിനും വിധിച്ചത്. 2017ലാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ കോഴിക്കോട് ജില്ല ജയിലിലടച്ചു. കോഴിക്കോട് വിജിലൻസ് ജഡ്ജ് ഷിബു തോമസാണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ലിജീഷ്, അരുൺനാഥ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

