ടി.പി. രാമകൃഷ്ണനോ അഡ്വ. ഫാത്തിമ തഹ്‍ലിയയോ? പേരാമ്പ്രയിൽ ആര് ജയിക്കും...
text_fieldsപേരാമ്പ്ര: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഗോദയിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് പേരാമ്പ്ര. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണനെ നേരിടാൻ മുസ്‍ലിം ലീഗിന്റെ ഊർജസ്വലയായ വനിതാ നേതാവ് ഫാത്തിമ തഹ്‍ലിയയെ യു.ഡി.എഫ് രംഗത്തിറക്കിയതോടെ മത്സരം പ്രവചനാതീതമായ തലത്തിലേക്കുയർന്നിരിക്കുകയാണ്. മുന്നണി കൺവീനറെന്ന നിലയിൽ കേരളത്തിൽ മുഴുവൻ പ്രചാരണത്തിനെത്തേണ്ട ടി.പിയെ മണ്ഡലത്തിൽ തളച്ചിടുന്നതിലേക്കെത്തിച്ചിരിക്കുകയാണ് പേരാമ്പ്രയിലെ ആവേശപ്പോരാട്ടം.
കഴിഞ്ഞ 49 വർഷക്കാലം ഇടതുമുന്നണി ജനപ്രതിനിധികളെ മാത്രം തെരഞ്ഞെടുത്ത പേരാമ്പ്ര ഇക്കുറി ഒരു പ്രവചനങ്ങൾക്കും പിടികൊടുക്കുന്ന മട്ടില്ല. 15 വർഷം ടി.പി. രാമകൃഷ്ണനായിരുന്നു പേരാമ്പ്രയുടെ ജനപ്രതിനിധി. 2001 ൽ കന്നിയങ്കത്തിനിറങ്ങിയ ടി.പി 2,684 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പിന്നീട് 2016 വീണ്ടും അങ്കത്തിനിറങ്ങിയപ്പോൾ ഭൂരിപക്ഷം 4101 ആയി ഉയർന്നു. 2021 ൽ 22592 വോട്ടിന്‍റെ വമ്പൻ ഭൂരിപക്ഷം നൽകിയാണ് രാമകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
പേരാമ്പ്ര നിലനിർത്താൻ പ്രായപരിധിയിൽ ഇളവ് നൽകിയാണ് പാർട്ടി വീണ്ടും ടി.പി. രാമകൃഷ്ണനെ രംഗത്തിറക്കിയിരിക്കുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ പേരാമ്പ്ര മണ്ഡലത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടാകുമായിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിടെ ഒരിക്കലും പാർട്ടി പിന്നിൽ പോയിരുന്നില്ല. എന്നാൽ, ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സമവാക്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പത്തിൽ ആറ് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണത്തിൽ വന്നു. നേരത്തെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഭരണം മാത്രം ഉണ്ടായിരുന്ന യു.ഡി.എഫ് പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളാണ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്തത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
കൂത്താളിയിൽ കേവലം രണ്ട് സീറ്റിലും എൽ.ഡി.എഫ് ഒതുങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ സീറ്റ് തുല്യതയിലായതോടെ നടത്തിയ നറുക്കെടുപ്പിൽ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ യു.ഡി.എഫിന് ലഭിച്ചു. ജില്ല പഞ്ചായത്ത് മേപ്പയൂർ ഡിവിഷനും യു.ഡി.എഫ് പിടിച്ചെടുത്തു. ഇത്തരമൊരു സാഹചര്യത്തിലാണ് ടി.പിയെ തുടർച്ചയായ മൂന്നാം തവണയും ഇറക്കാൻ എൽ.ഡി.എഫ് നിർബന്ധിതമായത്. പൊതുജനങ്ങൾക്കിടയിലുളള ടി.പിയുടെ സ്വീകാര്യതയും ഭരണപരിചയവും മുതൽക്കൂട്ടാവുമെന്ന് എൽ.ഡി.എഫ് കരുതുന്നു.
എന്നാൽ, അഡ്വ. ഫാത്തിമ തഹ്‍ലിയക്ക് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. പേരാമ്പ്ര സീറ്റ് കോൺഗ്രസിന് വേണമെന്ന് നേരത്തെ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഫാത്തിമ തഹ്‍ലിയ എത്തിയതോടെ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുകയാണ്. സ്ഥാനാർഥിയുടെ യുവത്വം ഗുണം ചെയ്യുമെന്ന ഉറച്ച കണക്കുകൂട്ടലിലാണവർ. ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ഈ തെരഞ്ഞെടുപ്പിലും ചർച്ചയാണ്. ഷാഫിയുടെ ചോര വീണ മണ്ണ് തിരിച്ചുപിടിക്കും എന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. തഹ് ലിയക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വളരെ മോശം കമന്‍റുകൾ ഇടത് കേന്ദ്രങ്ങളിൽ നിന്ന് വരുന്നതും യു.ഡി.എഫ് പ്രചാരണായുധമാക്കുന്നു. ആരോപണപ്രത്യാരോപണങ്ങളും ഡീൽ വിവാദവുമായി പേരാമ്പ്രയിലെ തെരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചിരിക്കുകയാണ്. അതിനിടയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനവും യു.ഡി.എഫിന് കരുത്തു പകർന്നു.
വിവാദങ്ങൾ മാത്രമല്ല വികസനവും മണ്ഡലത്തിൽ ചർച്ചയാവുന്നുണ്ട്. ബി.ജെ.പിയുടെ കോഴിക്കോട് മേഖല സെക്രട്ടറിയാണ് എൻ.ഡി.എ സ്ഥാനാർഥി എം. മോഹനൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

