നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsപയ്യോളിക്ക് സമീപം അയനിക്കാട് ദേശീയപാതയിൽ അപകടത്തിൽപെട്ട കാർ
പയ്യോളി: അയനിക്കാട് ദേശീയപാതക്ക് സമീപം നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് കാർ യാത്രക്കാർ വൻ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ ആറോടെ അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപത്തെ ബദരിയ ജുമാമസ്ജിദിന് മുന്നിലാണ് അപകടം നടന്നത്. പ്രഭാത നമസ്കാരത്തിനായി യാത്രക്കാർ കാർ നിർത്തി പള്ളിയിലേക്ക് കയറിയ ഉടനെയായിരുന്നു അപകടം.
പയ്യന്നൂരിൽനിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിലുള്ള പള്ളിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടതായിരുന്നു. യാത്രക്കാർ ഇറങ്ങിയ ഉടൻ കൊച്ചിയിൽനിന്നും മഹാരാഷ്ട്രയിലെ സോലാപ്പൂരിലേക്ക് പോവുകയായിരുന്ന 'സംഘ് വാൻ റോഡ് വെയ്സി' െൻറ ലോറിയാണ് കാറിെൻറ പിറകിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മുന്നോട്ടുനീങ്ങിയ കാർ സമീപത്തെ വൈദ്യുതി തൂൺ തകർത്തു. റോഡിൽനിന്നും യു ടേൺ എടുത്ത മറ്റൊരു കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിെൻറ പിൻവശം തകർന്നു. കാർയാത്രക്കാരായ പയ്യന്നൂരുകാരനായ പിതാവും രണ്ടു പെൺമക്കളും മലപ്പുറത്തെ കോളജ് ആവശ്യത്തിന് പോയ സന്ദർഭത്തിലായിരുന്നു അപകടത്തിൽപ്പെട്ടത്.