ടോൾ പ്ലാസയിൽ രണ്ടാംദിനവും സമരം; ഇന്ന് കലക്ടറുമായി ചർച്ച
text_fieldsപന്തീരാങ്കാവ് ടോൾപ്ലാസയിൽ കോൺഗ്രസ് നടത്തിയ രണ്ടാം ദിനത്തിലെ സമരം അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു
പന്തീരാങ്കാവ്: ടോൾ പ്ലാസയിൽ രണ്ടാം ദിനവും സമരം. ടോൾ പിരിവിനെതിരെ വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ സമരത്തിന്‍റെ തുടർച്ചയായാണ് വെള്ളിയാഴ്ചയും സമരം നടത്തിയത്. 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് ടോൾ സൗജന്യമാക്കുക, സർവിസ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പന്തീരാങ്കാവ് -ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്.
ടോൾ തുടങ്ങിയ വ്യാഴാഴ്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയാണ് വീണ്ടും പ്രതിഷേധം തുടങ്ങിയത്. തുടർന്ന് സ്ഥലത്തെത്തിയ എക്സിക്യുട്ടിവ് മജിസ്ട്രേട്ട് കൂടിയായ സ്പെഷൽ തഹസിൽദാർ എ.സി.സി കലക്ടറുമായി ചർച്ചക്ക് അവസരമൊരുക്കാമെന്ന് സമര നേതാക്കൾക്ക് നൽകിയ ഉറപ്പിനെ തുടർന്ന് ഒമ്പതോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് കോൺഗ്രസ് നേതാക്കളെ ജില്ല കലക്ടർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കലക്ടറുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡൻറ് കെ. പ്രവീൺ കുമാർ പറഞ്ഞു. പ്രതിഷേധ സമരം ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പന്തീരാങ്കാവ് മണ്ഡലം പ്രസിഡൻറ് കെ.കെ. മഹേഷ് അധ്യക്ഷതവഹിച്ചു. ചോലയ്ക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ, എ. ഷിയാലി, രവികുമാർ പനോളി, പി. കണ്ണൻ, ആമാട്ട് രാധാകൃഷ്ണൻ, കെ.ഇ. ഫസൽ, വി.സി. സേതുമാധവൻ, എൻ.പി. ബാലൻ, കെ.പി. റഷീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

